മധ്യപ്രദേശില്‍ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയില്‍

ഭോപാല്‍- മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ സചിന്‍ ബിര്‍ല ബിജെപിയില്‍ ചേര്‍ന്നു. ഖര്‍ഗോന്‍ ജില്ലയിലെ ബര്‍വാഹ മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയസഭയിലെത്തിയ ബര്‍വാഹ ഈ മണ്ഡലം ഉള്‍പ്പെടുന്ന ലോക്‌സഭാ സീറ്റില്‍ അടുത്തയാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ബെഡിയയില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പങ്കെടുത്ത റാലിയിലാണ് സചിന്റെ ബിജെപി പ്രവേശനം. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 2020 മാര്‍ച്ചില്‍ തകര്‍ന്നതിനു ശേഷം കോണ്‍ഗ്രസ് വിടുന്ന 27ാമത് പാര്‍ട്ടി എംഎല്‍എയാണ് സചിന്‍. വില്‍ക്കാനുള്ളത് വില്‍ക്കപ്പെടുമെന്നും കാലാവധിയുള്ളത് തുടരുമെന്നുമായിരുന്നു സചിന്റെ കൂറുമാറ്റത്തെ കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ്‌വിജയ സിങിന്റെ പ്രതികരണം.

മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ നല്‍കിയ അംഗീകാരവും പിന്തുണയുമാണ് തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് സചിന്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ന്നതിനു ശേഷം വല്ലഭ് ഭവനില്‍ വച്ച് തന്നെ കണ്ടപ്പോള്‍ ശിവരാജ് തന്നെ പേരെടുത്ത് വിളിക്കുകയും മണ്ഡലത്തിലെ പൂര്‍ത്തിയാകാനുള്ള വികസനപദ്ധതികളുടെ കാര്യങ്ങളും ക്ഷമയോടെ കേള്‍ക്കാന്‍ അദ്ദേഹം തയാറായെന്നും സചിന്‍ പറഞ്ഞു.

Latest News