മതംമാറി പ്രണയം: യുവാവിനെ കൊന്ന് കുളത്തില്‍ തള്ളി

ബംഗളൂരു- പ്രണയത്തിന്റെ പേരില്‍ കര്‍ണാടകയില്‍ യുവാവിനെ കൊന്ന് കുളത്തില്‍ തള്ളി. സിന്ധഗി താലൂക്കിലെ ബലാഗാനൂര്‍ സ്വദേശി രവി (34)യെയാണ് കാമുകിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ അമ്മാവനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ പിതാവ് അടക്കമുള്ള മറ്റുപ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

വ്യാഴാഴ്ചയാണ് വീട്ടില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോയ രവിയെ കാണാതായത്. പിറ്റേദിവസം യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച രാവിലെ രവിയുടെ കാമുകിയും പോലീസിനെ വിവരമറിയിച്ചു. തന്റെ കാമുകന്റെ ജീവന്‍ അപകടത്തിലാണെന്നും ബന്ധുക്കള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയേക്കുമെന്നും രക്ഷിക്കണമെന്നുമാണ് 24 കാരി വിജയപുരയിലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറഞ്ഞത്. തുടര്‍ന്ന് പോലീസ് വ്യാപകമായ അന്വേഷണം നടത്തുകയും യുവതിയുടെ അമ്മാവനെയും ഇളയ സഹോദരനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് യുവാവിനെ കൊന്ന് കുളത്തില്‍ തള്ളിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഗ്രാമത്തിലെ കുളത്തില്‍നിന്ന് മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

കൊല്ലപ്പെട്ട രവിയും യുവതിയും തമ്മില്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലാണെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ബന്ധുക്കള്‍ രവിയുമായുള്ള പ്രണയത്തെ എതിര്‍ത്തിരുന്നു.  സുരക്ഷ ഉറപ്പുവരുത്താനായി രവിയുടെ കാമുകിയെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ദിവസങ്ങള്‍ക്ക് മുമ്പും കര്‍ണാടകയില്‍ ദുരഭിമാനക്കൊല റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Latest News