Sorry, you need to enable JavaScript to visit this website.

വൈരാഗ്യം മിണ്ടാപ്രാണികളോട് തീര്‍ത്തു, മോഷണം പോയ കോഴികളെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍

പാലക്കാട്- വടക്കഞ്ചേരിയില്‍ ഒരാഴ്ച മുമ്പ് മോഷണം പോയ വളര്‍ത്തു കോഴിയെ കൊന്ന് കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിന്റെ വീട്ടില്‍ നിന്നു മോഷണം പോയ മൂന്നു കോഴികളില്‍ രണ്ടെണ്ണത്തിനെയാണ് കൊന്നു കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം സുരേഷിന്റെ വീട്ടിലെ രണ്ടു വളര്‍ത്തുനായ്ക്കളെ വിഷം കൊടുത്ത് കൊന്നതായും പരാതിയുണ്ട്. ഒക്ടോബര്‍ 18നാണ് വടക്കഞ്ചേരി  വളര്‍ത്തുനായ്ക്കളെ കൂടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതേദിവസം തന്നെയാണ് ഈ വീട്ടില്‍ നിന്നു മൂന്നു കോഴികളും മോഷണം പോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തെ വൈദ്യുത പോസ്റ്റില്‍ രണ്ടു കോഴികളെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

യൂത്ത് കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപിന്റെ ഡ്രൈവറായി ജോലി ചെയ്തു വരികയാണ് സുരേഷ്. നേരത്തേയും സുരേഷിന്റെ വീട്ടില്‍ നിന്ന് കോഴികള്‍ മോഷണം പോയിരുന്നു. നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയ കൂടിന് സമീപം വിഷം കലര്‍ത്തിയ മാംസാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന മേഖലയാണെങ്കിലും സമീപ കാലത്തൊന്നും അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സുരേഷ് പറയുന്നു. വ്യക്തി വൈരാഗ്യമാവാം ഈ സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

 

Latest News