കനത്ത മഴയില്‍ പാലക്കാട്ട് നെല്ലുസംഭരണം അവതാളത്തില്‍

പാലക്കാട്- മഴ ചതിച്ചു, ജില്ലയിലെ നെല്ലുസംഭരണം അവതാളത്തില്‍. കനത്ത മഴ കാരണം പലയിടത്തും ഇതുവരെ കൊയ്ത്തു നടന്നിട്ടില്ല. വിളവെടുപ്പ് കഴിഞ്ഞയിടങ്ങളിലാകട്ടെ സപ്ലൈകൊയുടെ മാനദണ്ഡമനുസരിച്ച് നെല്ല് കൈമാറാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നുമില്ല.
കനത്ത മഴയില്‍ ജില്ലയില്‍ വിളവെടുപ്പിനു പാകമായ നൂറ്റമ്പതോളം ഹെക്ടര്‍ നെല്‍വയല്‍ വെള്ളത്തിനടിയിലായി എന്നാണ് കൃഷിവകുപ്പിന്റെ ഔദ്യോഗിക കണക്ക്. കൊയ്‌തെടുത്ത നെല്ലിന് പരമാവധി പതിനേഴ് ശതമാനം ഈര്‍പ്പമേ പാടൂ എന്നാണ് സംഭരണത്തിന് സപ്ലൈകോ മുന്നോട്ടു വെച്ചിരിക്കുന്ന നിബന്ധന. അതു പാലിക്കാനാവാതെ പലയിടത്തും നെല്ല് പാടത്തിനു സമീപം കൂട്ടിയിട്ടിരിക്കുകയാണ്. നെല്ല് സൂക്ഷിച്ചു വെക്കാന്‍ സൗകര്യമില്ലാത്ത പല കര്‍ഷകരും കിട്ടിയ വിലക്ക് സ്വകാര്യമില്ലുകള്‍ക്ക് നല്‍കാന്‍ നിര്‍ബ്ബന്ധിതരാവുന്നു.
മഴക്ക് രണ്ടു ദിവസമായി ശമനമുണ്ടെങ്കിലും ഇപ്പോഴും കൊയ്ത്ത് കാര്യമായി നടക്കുന്നില്ല. ആലത്തൂര്‍, പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളിലാണ് ജില്ലയില്‍ പ്രധാനമായും നെല്‍ക്കൃഷിയുള്ളത്. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും എത്തുന്ന കൊയ്ത്തുയന്ത്രങ്ങളാണ് ആശ്രയം. ആയിരത്തിയിരൂനൂറോളം കൊയ്ത്തുയന്ത്രങ്ങള്‍ ഈ സീസണിന്റെ തുടക്കത്തില്‍ വാളയാര്‍ കടന്ന് എത്തിയിരുന്നു. മഴ കനത്തതോടെ അതില്‍ വലിയൊരു ശതമാനം മടങ്ങിപ്പോയി. 2300 രൂപയാണ് ഒരു മണിക്കൂറിന് കൊയ്ത്തുയന്ത്രത്തിന് വാടകയായി നിശ്ചയിച്ചിരുന്നത്. നാനൂറോ അഞ്ഞൂറോ രൂപ കൂടുതല്‍ നല്‍കിയാലും യന്ത്രം ലഭ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. മൂപ്പെത്തിയ നെല്ല് വെള്ളത്തില്‍ കിടന്നാല്‍ മുളക്കും. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നെട്ടോട്ടമോടുകയാണ് പല പാടശേഖരസമിതികളുടെ ഭാരവാഹികളും.
ആവശ്യത്തിന് കൊയ്ത്തുയന്തങ്ങള്‍ ലഭ്യമാക്കാനും നെല്ല് ഈര്‍പ്പത്തോടെ സംഭരിക്കാനും സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നാണ് കര്‍ഷകസംഘടനകളുടെ ആവശ്യം. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ആലത്തൂര്‍ എം.എല്‍.എ കെ.ഡി.പ്രസേന്നന്‍ അറിയിച്ചു. മറ്റിടങ്ങളില്‍ നിന്ന് ആവശ്യത്തിന് കൊയ്ത്തുയന്ത്രങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം നടന്നു വരികയാണെന്നും രണ്ടു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

Latest News