റിയാദ് - ഇസ്രായിലിലേക്കുള്ള ഡയറക്ട് സർവീസിന് സൗദി അറേബ്യക്കു മുകളിലൂടെ കടന്നുപോകുന്നതിന് അനുമതി തേടിയുള്ള എയർ ഇന്ത്യയുടെ അപേക്ഷ സൗദി അറേബ്യ നിരസിച്ചു. ഇസ്രായിലിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാൻ എയർ ഇന്ത്യക്ക് ആലോചനയുണ്ട്. സൗദി വ്യോമ മേഖലയിലൂടെ ഇസ്രായിൽ സർവീസ് നടത്തുന്നതിന് അനുമതി നേടിയെടുക്കുന്നതിന് എയർ ഇന്ത്യ ശ്രമിച്ചുവരികയായിരുന്നു. എന്നാൽ സൗദിക്കു മുകളിലൂടെയുള്ള ഇസ്രായിൽ സർവീസിന് എയർ ഇന്ത്യക്ക് അനുമതി നൽകില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവ് പറഞ്ഞു. ഇസ്രായിലിലേക്കുള്ള വാണിജ്യ വിമാന സർവീസുകൾക്കു മുന്നിൽ തങ്ങളുടെ വ്യോമമേഖല സൗദി അറേബ്യ അടച്ചിട്ടിരിക്കുകയാണ്.
ഇന്ത്യയിൽ നിന്ന് ഇസ്രഈലിലേക്ക് പറക്കാൻ എയർ ഇന്ത്യയ്ക്ക് സൗദി അറേബ്യ ആകാശ പാത തുറന്നു നൽകിയതായി ഇസ്രഈലി പത്രം ഹാരറ്റ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂദൽഹിയിൽ നിന്നും തെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവീസിനാണ് സൗദി വ്യോമ പാത തുറന്നു കൊടുത്തതെന്നായിരുന്നു പത്രം റിപ്പോർട്ട് ചെയ്തിരുന്നത്.
മാർച്ച് മുതൽ ന്യൂദൽഹിയിൽ നിന്നും തെൽ അവീവിലേക്ക് മൂന്നാഴ്ചയിൽ ഒരിക്കൽ ഒരു സർവീസ് നടത്താനുള്ള അനുമതി തേടി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) സമീപിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. ഇതിനായി ദൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലും തെൽ അവീവ് വിമാനത്താവളത്തിലും ഇടം ലഭിക്കാനായി കാത്തിരിക്കുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു.
നിലവിൽ മുംബൈയിൽ നിന്നു മാത്രമാണ് ഇസ്രയേലിലേക്ക് നേരിട്ട് വിമാന സർവീസ് ഉള്ളത്. ഗൾഫ് രാജ്യങ്ങൾ ഇസ്രയേലിനെ അംഗീകരിക്കാത്തതിനാൽ അവരുടെ ആകാശ പാത ഒഴിവാക്കി വളരെ ദൂരം താണ്ടിയാണ് എയർ ഇന്ത്യ തെൽ അവീവിലെത്തുന്നത്്. വിമാന സർവീസുകൾ നടത്താൻ ഇസ്രഈൽ ടൂറിസം മന്ത്രാലയം എയർ ഇന്ത്യയ്ക്ക് ഏഴര ലക്ഷം യൂറോയുടെ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.






