ജേക്കബ് തോമസിനെതിരായ നടപടി അഴിമതി ചൂണ്ടിക്കാണിച്ചതിനല്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം- ഡി.ജി.പി ജേക്കബ് തോമസിനെതിരായ നടപടി അഴിമിത ചൂണ്ടിക്കാട്ടിയതിനല്ലെന്നും സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതിനാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിക്കും. സസ്‌പെന്‍ഷനിലായ ജേക്കബ് തോമസ് വിസില്‍ ബ്ലോവര്‍ നിയമത്തിന്റെ പരിരക്ഷക്ക് അര്‍ഹനല്ലെന്നും കോടതതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കും.
ജേക്കബ് തോമസിന് വിസില്‍ ബ്ലോവര്‍ നിയമത്തിന്റെ പരിരക്ഷ ബാധകമല്ല. അഴിമതി ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് പരിരക്ഷ നല്‍കുന്ന വിസില്‍ ബ്ലോവര്‍ നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ടു ജേക്കബ് തോമസ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഹരജി മാര്‍ച്ച് ആദ്യത്തിലേക്ക് മാറ്റി. 
അഴിമതികള്‍ വെളിച്ചത്തുകൊണ്ടുവരുന്നവരെ വേട്ടയാടുന്നതു തടയാനുള്ള വിസില്‍ ബ്ലോവര്‍ സംരക്ഷണ നിയമപ്രകാരം തനിക്കു സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് 2010ല്‍ ജേക്കബ് തോമസ് ഹരജി നല്‍കിയിരുന്നു. ഇതില്‍ ഉപഹരജിയുമായാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്. സംരക്ഷണത്തിന് അര്‍ഹത ഉണ്ടോയെന്നു പരിശോധിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും തനിക്ക് അര്‍ഹതയുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാമെന്നും അദ്ദേഹം ബോധിപ്പിച്ചിട്ടുണ്ട്.
താന്‍ കേരളത്തില്‍ സുരക്ഷിതനല്ലെന്നും സുരക്ഷിതമായ സ്ഥലത്ത് പോസ്റ്റിംഗ് നല്‍കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് 2017 ഫെബ്രുവരി 27നു പ്രധാനമന്ത്രിയുടെ ഓഫീസിന് നിവേദനം നല്‍കിയിരുന്നു. ഇതിന്മേല്‍ സ്വീകരിച്ച നടപടി അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
 

Latest News