കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ജലവൈദ്യുതോല്‍പ്പാദന രംഗത്തേയ്ക്ക്

നെടുമ്പാശ്ശേരി-സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന ആശയം പ്രാവര്‍ത്തികമാക്കിയതിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) ജലവൈദ്യുതോല്‍പ്പാദന രംഗത്തേയ്ക്ക്. സിയാല്‍ നിര്‍മാണം പൂര്‍ത്തിയായ ആദ്യജലവൈദ്യുത പദ്ധതി നവമ്പര്‍ ആറിന് .മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും.
 കോഴിക്കോട് ജില്ലയിലെ അരിപ്പാറയില്‍ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാല്‍ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി.  കോവിഡിനെ തുടര്‍ന്നുണ്ടായ കാലതാമസവുമുണ്ടായെങ്കിലും  സിയാലിന് അതിവേഗം പദ്ധതി പൂര്‍ത്തിയാക്കാനായി. 4.5 മെഗാവാട്ടാണ് ശേഷി. 32 സ്ഥലമുടമകളില്‍ നിന്നായി 5 ഏക്കര്‍ സ്ഥലം സിയാല്‍ ഏറ്റെടുത്തു. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 30  മീറ്റര്‍ വീതിയില്‍ തടയണ കെട്ടുകെട്ടുകയും അവിടെ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള അരിപ്പാറ പവര്‍ഹൗസിലേയ്ക്ക് പെന്‍സ്‌റ്റോക്ക് കുഴലുവഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. 52 കോടി രൂപയാണ് മൊത്തം ചെലവിട്ടത്.
 2015ല്‍ വിമാനത്താവളം ഊര്‍ജ സ്വയംപര്യാപ്തത കൈവരിച്ചതിനുശേഷം,  വൈദ്യുതോല്‍പ്പാദന രംഗത്തുള്ള ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഈ പദ്ധതി. ' വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് രാജ്യം ചര്‍ച്ചചെയ്യുന്ന അവസരത്തില്‍, ഇത്തരമൊരു പദ്ധതി പൂര്‍ത്തിയാക്കാന്‍ സിയാല്‍ ചെയര്‍മാന്‍ എന്ന നിലയ്ക്ക്  ബഹു.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വവും മാര്‍ഗനിര്‍ദേശങ്ങളും  നിര്‍ണായകമായിരുന്നു. 44 നദികളും നൂറുകണക്കിന് അരുവികളുമുള്ള കേരളത്തില്‍ ഇത്തരം പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാനാകുമെന്ന ആശയത്തിന് തുടക്കമിടാനും സിയാലിന് കഴിഞ്ഞിട്ടുണ്ട്.'  സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. 
 

Latest News