Sorry, you need to enable JavaScript to visit this website.

ലഹരി ഉപയോഗിക്കുന്നവരേയും ചെറിയ അളവ് ലഹരിയുമായി പിടികൂടുന്നവരേയും തടവിലിടരുതെന്ന് സാമൂഹ്യനീതി മന്ത്രാലയം

ന്യൂദല്‍ഹി- ലഹരി മരുന്ന് ഉപയോഗിക്കുന്നവരേയും വ്യക്തിഗത ആവശ്യത്തിന് ചെറിയ അളവ് കൈവശം വയ്ക്കുന്നവരേയും ജയിലില്‍ തടവിലിടരുതെന്ന് സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം നിര്‍ദേശിച്ചു. ലഹരിക്കേസില്‍ പിടിയിലാകുന്നവരോട് കൂടുതല്‍ മാനുഷികമായ സമീപനം സ്വീകരിക്കണമെന്നും ലഹരി മരുന്നിന് അടിമകളായവരേയും ലഹരിയെ ആശ്രയിക്കുന്നവരേയും ഇരകളായി കണ്ട് ഡി-അഡിക്ഷനും പുനരധിവാസത്തിനും നടപടികള്‍ സ്വീകരിക്കണമെന്നുമാണ് മന്ത്രാലയം മുന്നോട്ടുവച്ച നിര്‍ദേശം. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റനന്‍സ് (എന്‍ഡിപിഎസ്) നിയമം പരിഷ്‌ക്കരിക്കാനുള്ള നിര്‍ദേശമായാണ് ഇക്കാര്യങ്ങള്‍ സാമൂഹ്യനീതി മന്ത്രാലയം മുന്നോട്ടുവച്ചത്. 

ഈ നിയമത്തില്‍ വരുത്തേണ്ട പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് നേരത്തെ റവന്യൂ വകുപ്പ് സാമൂഹ്യനീതി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, സിബിഐ എന്നിവരില്‍ നിന്ന് നിര്‍ദേശം തേടിയിരുന്നു. ഈ നിയമത്തിന്റെ ഭരണപരമായ അധികാരം റവന്യൂ വകുപ്പിനാണ്.

ഇന്ത്യയില്‍ ലഹരി മരുന്ന് ഉപയോഗവും കൈവശംവെക്കലും ക്രിമിനില്‍ കുറ്റമാണ്. നിലവില്‍ എന്‍ഡിപിഎസ് നിയമം ലഹരിഅടിമകളെ മാറ്റിയെടുക്കുന്ന സമീപനം മാത്രമാണ് പുലര്‍ത്തുന്നത്. ചികിത്സയ്ക്കും പുനരധിവാസത്തിനും ഒരുക്കമായാല്‍ ലഹരി അടിമകളെ ക്രിമിനല്‍ നടപടികളില്‍ നിന്നും തടവില്‍ നിന്നും ഈ നിയമം സംരക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ ആദ്യമായി ലഹരി ഉപയോഗിക്കുന്നവര്‍ക്കോ വിനോദത്തിന് ഉപയോഗിക്കുന്നവര്‍ക്കോ നിയമം ഒരിളവും നല്‍കുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ഒരു വര്‍ഷം തടവോ 20,000 രൂപ പിഴയോ രണ്ടു ഒരുമിച്ചോ ആണ് ഈ നിയമം അനുശാസിക്കുന്ന ശിക്ഷ. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരായാലും ആദ്യം തവണ ഉപയോഗിച്ചവരായാലും ശിക്ഷ ഇതു തന്നെ. ഈ സമീപനം മാറ്റണമെന്നാണ് സാമൂഹ്യനീതി മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം സൂചിപ്പിക്കുന്നത്.
 

Latest News