Sorry, you need to enable JavaScript to visit this website.

സൈനിക ശക്തി ലോകത്തെ അറിയിക്കാൻ വൻ പരേഡുമായി അമേരിക്ക 

വാഷിംഗ്ടൺ-യു.എസിന്റെ സൈനിക ശക്തി ലോക രാജ്യങ്ങളെ അറിയിക്കാൻ വൻ പരേഡിന് ഒരുങ്ങി അമേരിക്ക. സൈനിക പ്രദർശനത്തിനൊരുങ്ങാൻ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ  പെന്റഗണിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകി.
അമേരിക്കയുടെ ശക്തി എല്ലാവരും തിരിച്ചറിയാനും, അതിൽ ഓരോ അമേരിക്കക്കാരനും അഭിമാനം കൊള്ളാനാണിതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം, ഉത്തര കൊറിയയുമായി ഡൊണാൾഡ് ട്രംപ് ഇടഞ്ഞു നിൽക്കുന്നതിനാൽ ഈ പുതിയ തീരുമാനം യുദ്ധത്തിന്റെ സൂചന നൽകുന്നുവെന്ന് ആശങ്ക ഉയരുന്നുണ്ട്. എന്നാൽ ഫ്രാൻസിന്റെ ദേശീയ ദിനത്തിനു കണ്ട സൈനിക പരേഡിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരമൊരു പരേഡ് സംഘടിപ്പിക്കുന്നതെന്നാണ് പ്രതിരോധ വകുപ്പിന്റെ അറിയിപ്പ്. അമേരിക്കയ്ക്ക് ഇത്തരത്തിൽ സൈനിക ശക്തി പ്രകടമാക്കുന്ന പരേഡുകൾ സംഘടിപ്പിക്കുന്ന പതിവില്ല. ഉത്തരകൊറിയ, ഇന്ത്യ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെല്ലാം വർഷത്തിലൊരിക്കൽ സൈനിക പരേഡ് നടത്താറുണ്ട്. സാധാരണഗതിയിൽ യുദ്ധങ്ങൾക്ക് അവസാനം കുറിച്ചാണ് യുഎസ് ഇത്തരത്തിലുള്ള പരേഡുകൾ നടത്താറുള്ളത്.
അമേരിക്കയിൽ 27 വർഷങ്ങൾക്കു മുൻപ് വാഷിംഗ്ടൺ ഡിസിയിലാണ് സൈനിക പരേഡ് നടത്തിയത്. 1991ൽ ഗൾഫ് യുദ്ധത്തിന് അവസാനം കുറിച്ചപ്പോഴായിരുന്നു അത്. എന്നാൽ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായിട്ടും വിപുലമായ  പരേഡ് നടത്താൻ കഴിയാത്തതിൽ പ്രതിരോധ സെക്രട്ടറിയും സൈനികത്തലവന്മാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ ട്രംപ് നിരാശ അറിയിച്ചിരുന്നു. 
ഫ്രാൻസിന്റെ ദേശീയ ദിനത്തിനു കണ്ടത് ലോകത്തിലെ ഏറ്റവും മികച്ച സൈനിക പരേഡിൽ ഒന്നാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് ജനതയുടെ ആത്മവീര്യം കൂട്ടുന്നതായിരുന്നു ആ പരേഡ്. അത്തരത്തിൽ ഓരോ വർഷവും അമേരിക്കയിലും പരേഡ് സംഘടിപ്പിക്കാൻ കഴിയുമോയെന്ന് പ്രതിരോധ വകുപ്പിനോട് ട്രംപ് അന്വേഷിച്ചിരുന്നു. 
ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പരേഡിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയെന്ന് പ്രതിരോധ വകുപ്പ് വക്താവ് തോമസ് ക്രോസൺ അറിയിച്ചു. അതേസമയം, അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ നീക്കത്തിന് യുഎസിൽ സമ്മിശ്ര പ്രതികരണമായിരിക്കും ലഭിക്കുകയെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 
ഉത്തര കൊറിയ നൽകുന്ന വെല്ലുവിളികൾക്ക് സൈനിക പരേഡിലൂടെ മറുപടി നൽകുകയെന്നതാണ് ട്രംപിന്റെ ലക്ഷ്യമെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം ലോക രാജ്യങ്ങളിൽ അമേരിക്ക നിലനിർത്തിയിരുന്ന സ്ഥാനത്തിന് ഒരിക്കലും മാറ്റമുണ്ടാകില്ലെന്ന് തെളിയിക്കണ്ടത് ട്രംപിന്റെ ആവശ്യമാണ്.

 

Latest News