തായ്‌വാനിൽ ശക്തമായ ഭൂകമ്പം, വ്യാപക നാശം

ഭൂകമ്പത്തിൽ ചെരിഞ്ഞ തായ്‌വാന്റെ കിഴക്കൻ തീരനഗരമായ ഹുവാലിയനിലെ  ആഡംബര ഹോട്ടൽ.  

തായ്‌പേയ്- തായ്‌വാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറ് പേർ മരിച്ചു. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്.  റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ദ്വീപിന്റെ കിഴക്കൻ തീരത്തുണ്ടായത്.
കിഴക്കൻ തീരത്തുനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. രാജ്യത്തിന്റെ കിഴക്കൻ തീരനഗരമായ ഹുവാലിയനിൽ ആഡംബര ഹോട്ടൽ നിലംപൊത്തി. 
തായ്‌വാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഹുവാലിൻ. ഇതുവരെ 17 ടൂറിസ്റ്റുകൾ മെഡിക്കൽ സഹായം തേടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോട്ടലിനുള്ളിൽ താമസിക്കുന്നവരെ രക്ഷപ്പെടുത്താൻ തീവ്ര ശ്രമങ്ങളാണ് പുരോഗമിച്ചു വരുന്നത്.

രക്ഷാപ്രവർത്തകർ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് പുറത്തെടുത്ത മൃതദേഹവുമായി.


നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കെട്ടിടങ്ങളിൽ അകപ്പെട്ട നൂറ്റമ്പതോളം പേരെ രക്ഷപെടുത്താനായി. മുപ്പതോളം പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് ഹൈവേകളും പാലങ്ങളും അടച്ചു. 
ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. തൊള്ളായിരത്തോളം പേർ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. രണ്ടായിരത്തോളം വീടുകളിൽ വൈദ്യുതിബന്ധം മുറിഞ്ഞു. ചെരിഞ്ഞു നിലംപതിക്കാറായ അവസ്ഥയിലുള്ള കെട്ടിടങ്ങളിൽ സാഹസികമായാണ്  രക്ഷാപ്രവർത്തനം നടക്കുന്നത്. 
മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നു രക്ഷാപ്രവർത്തകർ അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നു മൃതദേഹങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഭൂകമ്പത്തിനു പിന്നാലെ നൂറോളം ചെറിയ തുടർ പ്രകമ്പനങ്ങളുണ്ടായതും രൂക്ഷത വർധിപ്പിച്ചു. 1999ലായിരുന്നു ഇതിനു മുമ്പ്  തായ്‌വാനെ തകർത്ത ഭൂകമ്പം. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്ന് അനുഭവപ്പെട്ടത്. 

 

Latest News