ലഖിംപുര്‍ സംഭവം ബിജെപിക്ക് വലിയ ക്ഷീണമുണ്ടാക്കി- ആര്‍.എസ്.എസ്.

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തതരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സിഖ്, ജാട്ട് സമുദായങ്ങളെ ബി.ജെ.പി.യില്‍നിന്ന് അകറ്റരുതെന്ന് ആര്‍.എസ്.എസ്. ലഖിംപുര്‍ഖേരി സംഭവം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി. കര്‍ഷകസമരമുണ്ടാക്കുന്ന ആഘാതം മയപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷകരോട് സംവദിക്കാന്‍ പുതിയ പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നും ആര്‍.എസ്.എസ്. നേതൃത്വം ബി.ജെ.പി.യോട് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ബി.ജെ.പി. നേതാക്കള്‍ക്ക് ആര്‍.എസ്.എസ്. നേതൃത്വം അടിയന്തരനിര്‍ദേശങ്ങള്‍ നല്‍കിയത്. ഉത്തര്‍പ്രദേശിലെ മന്ത്രിമാരും മുതിര്‍ന്ന ബി.ജെ.പി. നേതാക്കളും പങ്കെടുത്ത യോഗത്തില്‍ ബി.ജെ.പി.ആര്‍.എസ്.എസ്. ഏകോപനത്തിന്റെ ചുമതല വഹിക്കുന്ന ആര്‍.എസ്.എസ്. ജോയിന്റ് ജനറല്‍ സെക്രട്ടറി അരുണ്‍ കുമാറാണ് ഈ നിര്‍ദേശങ്ങള്‍ കൈമാറിയത്. കര്‍ഷകസമരം നീണ്ടുപോകുന്നതില്‍ നേരത്തേതന്നെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ആര്‍.എസ്.എസ്., സമരത്തിന്റെ ആഘാതങ്ങള്‍ തണുപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാട്ടുകളെയും സിഖുകളെയും കൂടുതല്‍ പ്രകോപിപ്പിക്കാതെ ഒപ്പം നിര്‍ത്തണം. സമരരംഗത്തുള്ള കര്‍ഷകരെ അനുനയിപ്പിക്കണം. കര്‍ഷകരുടെ പ്രതിഷേധം ഏറ്റവും ശക്തമായ മേഖലയാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്. ഈ മേഖലയില്‍നിന്നുള്ള എം.പി.മാരും എം.എല്‍.എ.മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, പടിഞ്ഞാറന്‍ യു.പി.യിലെ ജാട്ടുകാര്‍ പൂര്‍ണമായും തങ്ങള്‍ക്കെതിരേ വോട്ടുചെയ്യില്ലെന്ന വിലയിരുത്തലാണ് ഈ മേഖലയിലെ നേതാക്കള്‍ ആര്‍.എസ്.എസ്. നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍, ലഖിംപുര്‍ ഖേരിയില്‍ നാലുകര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം സ്ഥിതിഗതികള്‍ വഷളാക്കിയതായി ആര്‍.എസ്.എസിനും ബി.ജെ.പിയി.ല്‍ ഒരു വിഭാഗത്തിനും അഭിപ്രായമുണ്ട്. കര്‍ഷകസമരംമൂലവും ചില നേതാക്കളുടെ പ്രസ്താവനകള്‍ മൂലവും ആര്‍.എസ്.എസും ബി.ജെ.പി.യും സിഖ് ജാട്ട് വിരുദ്ധമാണെന്ന തോന്നല്‍ പരക്കുന്നുണ്ട്.
പ്രതിഷേധക്കാരെ ഖലിസ്താന്‍ ഭീകരവാദികളായി ചിത്രീകരിച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട് ശരിയായില്ലെന്ന് വാദിക്കുന്ന ഒരുവിഭാഗം ബി.ജെ.പി.യില്‍ രംഗത്തുണ്ട്. ബി.ജെ.പി. നേതാക്കളായ വരുണ്‍ ഗാന്ധി, മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവര്‍ കര്‍ഷകസമരത്തെക്കുറിച്ച് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ഇവര്‍ പരോക്ഷ പിന്തുണ നല്‍കുന്നുമുണ്ട്.
 

Latest News