Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലീഗിലെ അസ്വാരസ്യം മുതലാക്കാനെത്തിയ  സി.പി.എമ്മിന് കെണിയായി പാളയത്തിലെ പട

പ്രകടനം നടത്തിയവർക്കെതിരെ തൽക്കാലം നടപടിയെടുക്കേണ്ടെന്നാണ് 
ജില്ലാ നേതൃത്വത്തിന്റെ തീരുമാനം

കണ്ണൂർ -  തളിപ്പറമ്പ് മുസ്‌ലിം ലീഗിലെ അസ്വാരസ്യങ്ങൾ മുതലെടുത്ത് നഗരസഭാ ഭരണം പിടിച്ചെടുക്കാൻ കരുക്കൾ നീക്കിയ സി.പി.എം നേതൃത്വത്തിന് പാർട്ടിക്കകത്തെ വിഭാഗീയത തലവേദനയാവുന്നു. നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യ പ്രകടനം നടന്നതിന് പിന്നാലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. 
തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം അമ്പതോളം വരുന്ന പ്രവർത്തകരും അനുഭാവികളും നേതൃത്വത്തിനെതിരെ പരസ്യ പ്രകടനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സംഘടനാതലത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ സമ്മേളനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചത്. പ്രകടനം നടന്ന സ്ഥലം ഉൾപ്പെടുന്ന മാന്ധംകുണ്ട് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി ഡി.എം.ബാബു, കിഴക്ക് ബ്രാഞ്ച് സെക്രട്ടറി സതീശൻ എന്നിവർ രാജിവെച്ചത്. ഇവർ ഇന്നലെ ലോക്കൽ കമ്മിറ്റിക്ക് കത്തുനൽകി. തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിലെ വിഭാഗീയ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചാണ് രാജി.
ലോക്കൽ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവരാണ് രാജി വെച്ച ബ്രാഞ്ച് സെക്രട്ടറിമാർ. പാർട്ടിയെ വെല്ലുവിളിച്ച് നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത പാർട്ടി അംഗങ്ങളെയും അനുഭാവികളെയും കുറിച്ച് പ്രാദേശിക നേതൃത്വം വിവരങ്ങൾ ശേഖരിക്കുകയും, മേൽ ഘടകത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രകടനം നടത്തിയവർക്കെതിരെ തൽക്കാലം നടപടിയെടുക്കേണ്ടെന്നാണ് ജില്ലാ നേതൃത്വം തീരുമാനമെടുത്തത്. ഇവർക്കെതിരെ നടപടിയെടുക്കുന്നത് പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയാവുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിൽ ഇന്നലെ റിപ്പോർട്ടു ചെയ്തു.
 വർഷങ്ങളായി പാർട്ടിയിൽ സജീവമായ പൊതുപ്രവർത്തകൻ കോമത്ത് മുരളീധരനെ തഴഞ്ഞ്, സി.പി.ഐയിൽനിന്ന് അച്ചടക്ക നടപടിക്ക് വിധേയനായി പുറത്തു പോകേണ്ടിവരികയും പിന്നീട് സി.പി.എമ്മിൽ എത്തുകയും ചെയ്ത പുല്ലായിക്കൊടി ചന്ദ്രനെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതാണ് പാർട്ടി കോട്ടയായ മാന്ധം കുണ്ടിലെ പ്രതിഷേധത്തിന് കാരണം. ഇതിന് തൊട്ടടുത്ത പ്രദേശമാണ് വയൽക്കിളി സമരം നടന്ന കീഴാറ്റൂർ. വയൽക്കിളി സമരവുമായി ബന്ധപ്പെട്ട് മൂന്ന് ബ്രാഞ്ച് കമ്മിറ്റികളിലെ 14 ഓളം സജീവ അംഗങ്ങളും ഇവരുടെ കുടുംബാംഗങ്ങളായ അനുഭാവികളും പാർട്ടിയുമായി അകന്ന് കഴിയുകയാണ്. വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ ഇവർ സി.പി.ഐയിലേക്ക് പോകുമെന്ന് ശ്രുതിയുണ്ടായിരുന്നുവെങ്കിലും പിന്നീട് തുടർ നടപടിയുണ്ടായില്ല. നേരത്തെ വയൽക്കിളി സമരത്തെ അനുകൂലിച്ചയാളാണ് കോമത്ത് മുരളീധരനും കൂട്ടരും.
അതേസമയം, കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന വിഭാഗം തളിപ്പറമ്പിൽ ശക്തിപ്രകടനം നടത്താനുള്ള ഒരുക്കങ്ങൾ നടത്തുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിൽ സ്ത്രീകളെ പങ്കെടുപ്പിച്ചിരുന്നില്ല. സ്ത്രീകളെയും കുട്ടികളെയുമടക്കം പങ്കെടുപ്പിച്ച് തളിപ്പറമ്പ് നഗരത്തിൽ പ്രകടനം നടത്താനാണ് തീരുമാനം.
മുസ്‌ലിം ലീഗിൽ വിഭാഗീയത രൂക്ഷമായത് മുതലെടുത്ത്, വിമത വിഭാഗത്തെ കൂട്ടുപിടിച്ച് നഗരസഭ ഭരണം പിടിക്കാൻ കരുക്കൾ നീക്കുന്നതിനിടെയാണ് പാർട്ടിക്കകത്ത് വിഭാഗീയത ശക്തിപ്പെട്ടത്. അതിനിടെ, ലീഗിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി പോകാനുള്ള തീരുമാനത്തിലുമെത്തി. എന്നാൽ സമ്മേളന കാലത്ത് ശക്തി പ്രാപിച്ച വിഭാഗീയത സി.പി.എമ്മിനുണ്ടാക്കുന്ന തലവേദന ചെറുതായിരിക്കില്ല.

Latest News