വിദ്വേഷ പ്രചാരണം: ട്വിറ്റര്‍ മുന്‍ മേധാവിക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂദല്‍ഹി- വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ട്വിറ്റര്‍ ഇന്ത്യ മേധാവിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയതിനെതിരേ യുപി പോലീസ് നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. മുന്‍ ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയും യു.പി പോലീസും വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ്ലി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് നടപടി. കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള വഴക്കിനിടെ മനീഷ് മഹേശ്വരിയെ ട്വിറ്റര്‍ അമേരിക്കയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
ഉത്തര്‍പ്രദേശില്‍ നടന്ന സംഭവം കര്‍ണാടക ഹൈക്കോടതിയുടെ പരിധിയില്‍ വരുന്നതല്ല. ട്വിറ്റര്‍ ഇന്ത്യ മേധാവിയെ ചോദ്യം ചെയ്യാനായി മാത്രമാണ് സമന്‍സ് അയച്ചത്. അറസ്റ്റ് ചെയ്യുക എന്ന ഉദ്ദേശം ഇല്ലായിരുന്നെന്നും യു.പി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് പോലീസിന് മഹേശ്വരിയെ ചോദ്യം ചെയ്യണമെങ്കില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ചോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ ആകാമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ജൂലായില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഒപ്പം  നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് ഗാസിയാബാദ് പോലീസ് നല്‍കിയ നോട്ടീസ് കോടതി റദ്ദാക്കുകയും ചെയ്തു.

 

 

Latest News