ജിദ്ദ - നിയമാനുസൃത ഇഖാമയില്ലാത്ത വിദേശ ഡോക്ടറെ ജോലിക്കു വെച്ചതിൽ ജിദ്ദ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നു. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് രജിസ്‌ട്രേഷനും അറബ് വംശജനായ ഡോക്ടർക്കുണ്ടായിരുന്നില്ല. സൗദിയിൽ ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യ മേഖലാ പ്രാക്ടീഷണർമാർക്ക് സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് രജിസ്‌ട്രേഷൻ നിർബന്ധമാണ്.
അനസ്‌തെറ്റിസ്റ്റ് ആയി ജോലി ചെയ്തിരുന്ന നിയമ ലംഘകൻ ശസ്ത്രക്രിയകളിൽ പങ്കാളിത്തം വഹിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അറബ് വംശജനായ ഡോക്ടറെ നേരത്തെ അദും ജനറൽ ആശുപത്രിയിൽ നിയമിച്ചിരുന്നു. പിന്നീട് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറുന്നതിന് ശ്രമിച്ചെങ്കിലും ഇഖാമയും രജിസ്‌ട്രേഷനുമില്ലാത്തതിനാൽ ജോലിയിൽ പ്രവേശിക്കുന്നതിന് സാധിച്ചില്ല.
ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലേക്ക് പ്രത്യേക കമ്മിറ്റിയാണ് വിദേശങ്ങളിൽനിന്ന് ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നതെന്ന് ജിദ്ദ ആരോഗ്യ വകുപ്പ് പറഞ്ഞു. യോഗ്യതകൾ പരിശോധിച്ച് ഏറ്റവും മികച്ച ഡോക്ടർമാരെയാണ് കമ്മിറ്റികൾ തെരഞ്ഞെടുക്കുന്നത്. പുതിയ ക്ലാസിഫിക്കേഷൻ അപേക്ഷകളുമായി ബന്ധപ്പെട്ട നയങ്ങളിൽ സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് ഭേദഗതികൾ വരുത്തിയതാണ് നിയമാനുസൃത ഇഖാമായും രജിസ്‌ട്രേഷനുമില്ലാത്ത വിദേശ ഡോക്ടറുടെ പ്രശ്‌നത്തിന് കാരണം. താൽക്കാലിക ക്ലാസിഫിക്കേഷൻ കമ്മീഷൻ നിർത്തിവെച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്നതിനുള്ള പ്രൊഫഷൻ പ്രാക്ടീസ് ലൈസൻസിന് സമമാണ് ക്ലാസിഫിക്കേഷൻ. താൽക്കാലിക ക്ലാസിഫിക്കേഷൻ നിർത്തിവെച്ചത് ചിലർക്ക് ഇഖാമയുണ്ടാക്കുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുകയാണ്. ക്ലാസിഫിക്കേഷൻ, രജിസ്‌ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട് പരിഷ്‌കരിച്ച നിയമാവലി വ്യവസ്ഥകൾ പാലിക്കണമെന്ന് സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് ഉണർത്തുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.






