റോഹിംഗ്യ ക്യാമ്പിലെ മദ്രസയില്‍ ആക്രമണം, ഏഴു പേര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശില്‍ ഏഴു പേർ കൊല്ലപ്പെട്ട റോഹിംഗ്യ അഭയാർഥി ക്യാമ്പ്.

ധാക്ക- ബംഗ്ലാദേശിലെ റോഹിംഗ്യ അഭയാര്‍ഥി ക്യാമ്പില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മ്യാന്മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കോക്‌സസ് ബസാറിലെ ബാലുഖലി അഭയാര്‍ഥി ക്യാമ്പിലെ മതപാഠശാലയാണ് ആക്രമിക്കപ്പെട്ടത്. ഈയിടെ റോഹിംഗ്യ നേതാവ് വെടിയേറ്റുമരിച്ചതിനുശേഷം ക്യാമ്പുകളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ബാലുഖലി ക്യാമ്പിലെത്തിയ അക്രമികള്‍ വെടിവെച്ചതിനു പുറമെ, ചിലരെ കുത്തിക്കൊന്നതായും മേഖലയിലെ പോലീസ് മേധാവി പറഞ്ഞു. ഒമ്പതു ലക്ഷത്തോളം റോഹിംഗ്യ അഭയാര്‍ഥികളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്നത്. മൂന്നാഴ്ച മുമ്പാണ് റോഹിംഗ്യ നേതാവ് ഓഫീസിനു പുറത്തുവെച്ച് വെടിയേറ്റു മരിച്ചത്.

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമ ഇസ്ലാമിയ മദ്രസയില്‍നടന്ന ആക്രമണത്തില്‍ നാല് പേര്‍ സംഭവസ്ഥലത്തും മൂന്ന് പേര്‍ ക്യാമ്പില്‍ തന്നെയുള്ള ആശുപത്രയിലുമാണ് മരിച്ചത്. എത്ര പേര്‍ക്കാണ് പരിക്കേറ്റതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 20 പേര്‍ക്ക് പരിക്കേറ്റതായാണ് ആശുപത്രികളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

പ്രഭാതത്തിനുമുമ്പാണ് അക്രമികള്‍ മദ്രസയില്‍ പ്രവേശിച്ചതെന്ന്  പോലീസ് ഉദ്യോഗസ്ഥന്‍ കംറാന്‍ ഹുസൈന്‍ പറഞ്ഞു. കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തി 27,000 അഭയാര്‍ഥികളുള്ള ക്യാമ്പ് ഉടന്‍ തന്നെ അടച്ചു. മദ്രസയില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കിടക്കുന്നത് അന്തേവാസികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. അക്രമികളില്‍ ഒരാളെ തോക്ക് സഹിതം പിടികൂടിയതായി പോലീസ് പറഞ്ഞു.

റോഹിംഗ്യ അഭയാര്‍ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന മൊഹിബുല്ല കൊല്ലപ്പെട്ടതിനുശേഷം നിരവധി റോഹിംഗ്യ നേതാക്കള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. 48 കാരനും അധ്യാപകനുമായിരുന്ന മൊഹിബുല്ല മിതവാദിയായ നേതാവായിരുന്നു. അറാകന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി (എ.ആര്‍.എസ്.എ)യാണ് കൊലപാതകത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. 2017 ല്‍ മ്യാന്മര്‍ സൈന്യത്തിന്റെ ക്രൂരതക്കെതിരെ പ്രതികരിച്ച സംഘടനയാണ് അര്‍സ.

മൊഹിബുല്ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തിനുശേഷം ക്യാമ്പുകളില്‍ സുരക്ഷ ശക്തമാക്കിയതായി പോലീസ് അവകാശപ്പെട്ടിരുന്നുവെങ്കിലും ഒരു മാസം പൂര്‍ത്തിയാകുന്നതിനു മുമ്പ് ഏഴ് പേര്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്.

 

Latest News