Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുടുംബ കോടതികളിൽ വ്യാജ പോക്‌സോ കേസുകൾ പെരുകുന്നു

കോഴിക്കോട്- ഹൈക്കോടതിയുടെ ഇടപെടലുണ്ടായിട്ടും കാര്യമൊന്നുമില്ല, വിവാഹ മോചനക്കേസുകളിൽ കുട്ടിയെ പിതാവിന് വിട്ടുകൊടുക്കാതിരിക്കാനുള്ള വജ്രായുധമായി വ്യാജ പോക്‌സോ കേസുകൾ പെരുകുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്‌സോ നിയമം സംസ്ഥാനത്തെ കുടുംബ കോടതികളിൽ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കോടതികൾ ജാഗ്രത പുലർത്തണമെന്നും 2019 മെയ് മാസത്തിൽ ഹൈക്കോടതി കുടുംബ കോടതികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പക്ഷേ വ്യാജ പോക്‌സോ കേസുകൾക്ക് യാതൊരു കുറവുമില്ല. നിരപരാധിത്വം തെളിയിക്കാനാകാതെ മിക്ക പുരുഷൻമാരും നെട്ടോട്ടമോടുകയാണ്.


കുടുംബ ബന്ധം വേർപ്പെടുത്താനായി ഭാര്യ കേസ് ഫയൽ ചെയ്യുമ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടികളെ  പിതാവിന് വിട്ടുകൊടുക്കാതിരിക്കാനുള്ള നീക്കത്തിന് ബലം കിട്ടാനാണ്  വ്യാജ പോക്‌സോ കേസുകൾ നൽകുന്നത്. കുടുംബ കോടതികളിൽ ഫയൽ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളിൽ വലിയൊരു ശതമാനവും വ്യാജമാണ്. സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറയുന്നതിനുള്ള പ്രധാന കാരണവും ഈ വ്യാജന്റെ കളിയാണ്. 2015 മുതൽ 2019 വരെ  അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ ആകെ 6939 പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ കേവലം 312 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. അതായത് മൊത്തം പോക്‌സോ കേസുകളിൽ കേവലം 4.49 ശതമാനം മാത്രമാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.
പോക്‌സോ കേസുകളുടെ വലിയ തോതിലുള്ള ദുരുപയോഗമാണ് കുടുംബ കോടതികളിൽ നടക്കുന്നതെന്ന് നിയമരംഗത്തുള്ളവരും ചൂണ്ടിക്കാട്ടുന്നു. വിവാഹ മോചനക്കേസുകളിൽ തീർപ്പായാൽ സാധാരണഗതിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണം ഭാര്യക്കും ഭർത്താവിനുമായി നൽകുകയാണ് കോടതി ചെയ്യാറുള്ളത്. നിശ്ചിത ദിവസം അമ്മയ്ക്കും നിശ്ചിത ദിവസം അച്ഛനും എന്നരീതിയിൽ കുട്ടികളുടെ കസ്റ്റഡി വീതിച്ചു നൽകുകയാണ് ചെയ്യാറുള്ളത്. തീരെ ചെറിയ കുട്ടികളാണെങ്കിൽ കുട്ടിയുടെ സംരക്ഷണം അമ്മയെ ഏൽപ്പിച്ച് അച്ഛന് നിശ്ചിത ഇടവേളകളിൽ കുട്ടിയെ കാണാനുള്ള അനുവാദം നൽകും. വിവാഹ ബന്ധം വേർപിരിഞ്ഞാലും കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ അച്ഛനും അമ്മയും പരസ്പര വിശ്വാസത്തോടെ നീങ്ങണമെന്നാണ് കോടതി നിർദ്ദേശം നൽകുക.
എന്നാൽ പിതാവോ മാതാവോ  കുട്ടിയെ ലൈംഗികമായോ മറ്റ് തരത്തിലോ ഉപദ്രവിക്കുന്ന ആളാണെന്ന് കണ്ടെത്തിയാൽ കുട്ടിയുടെ സംരക്ഷണം ഇയാളെ ഏൽപ്പിക്കരുതെന്നാണ് നിയമം. അപ്പോൾ സംരക്ഷണ ചുമതല ഒരാൾക്ക് മാത്രമായി നൽകും. ഇതിന്റെ മറപിടിച്ചാണ് കുട്ടികളെ കാണാൻപോലും ഭർത്താവിനെ അനുവദിക്കാൻ പാടില്ലെന്ന് വാശിപിടിക്കുന്ന ഭാര്യയോ അവരുടെ ബന്ധുക്കളോ വിവാഹ മോചനക്കേസുകളിൽ ഭർത്താവിനെതിരെ വ്യാജ പോക്‌സോ കേസ് നൽകുന്നത്. 


പോക്‌സോ കേസുകൾ നൽകിയാൽ തന്റെ നിരപരാധിത്വം തെളിയിച്ചെടുക്കുകയെന്നത് പിതാവിനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പ്രത്യേകിച്ച് പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളാകുമ്പോൾ. കുട്ടികളുടെ മൊഴികളും മറ്റും പോക്‌സോ കേസുകളിൽ നിർണ്ണായകമാണ്. കുട്ടി അമ്മയുടെ സംരക്ഷണത്തിലാണെങ്കിൽ കുട്ടിയെ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ വ്യാജമൊഴി കൊടുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. പരാതി വ്യാജമാണെങ്കിൽ വലിയൊരു അഗ്നിപരീക്ഷയാണ് ഇക്കാലയളവിൽ പിതാവിന് നേരിടേണ്ടിവരിക. തന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ സമൂഹത്തിന് മുന്നിൽ മക്കളെ പീഡിപ്പിച്ചവനെന്ന അപമാനഭാരം പേറി നിൽക്കേണ്ടിവരും.


കുടുംബ കോടതികളിൽ വ്യാജ പോക്‌സോ കേസുകൾ ധാരാളമായി വരുന്നുണ്ടെന്നും  അതിന്റെ സത്യാവസ്ഥ തെളിയിക്കുക എളുപ്പമല്ലെന്നും പോലീസ് ഉദ്യേഗസ്ഥർ പറയുന്നു. പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ പ്രാഥമികമായി കണ്ടെത്തിയാൽ ഭാര്യയുടെ വീട്ടുകാർ പോലീസിനെതിരെ തിരിയുകയും പ്രതിയെ സംരക്ഷിക്കുന്നുവെന്ന് കാണിച്ച് ബാലാവകാശ കമ്മീഷനിൽ അടക്കം പരാതി നൽകുന്ന സ്ഥിതിയുണ്ടാകും. അല്ലെങ്കിൽ പല രീതിയിലും പോലീസിനെ സ്വാധീനിക്കാൻ ശ്രമിക്കും. ഇത്തരം വിഷയങ്ങൾ ഉള്ളതിനാൽ തന്നെ പലപ്പോഴും പോലീസിന്റെ അന്വേഷണ റിപ്പോർട്ട് സത്യസന്ധമായിക്കൊള്ളണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ ആരോപണ വിധേയൻ പെട്ടുപോകുക തന്നെ ചെയ്യും. വസ്തുതകൾ വിലയിരുത്തി കോടതി നീതിപൂർവ്വകമായ തീരുമാനം എടുത്താൽ മാത്രമേ രക്ഷയുള്ളൂ. അല്ലെങ്കിൽ സ്വന്തം കുട്ടിയെ പിന്നീട് കാണാൻ പോലും പറ്റാത്ത അവസ്ഥയുണ്ടാകുകയും അപമാനം ജീവിതകാലം മുഴുവൻ സഹിക്കേണ്ടി വരികയും ചെയ്യും. പല കേസുകളിലും കോടതിക്ക് യഥാർത്ഥ വസ്തുത പിടികിട്ടുന്നുമില്ല.


എന്നാൽ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. തിരിച്ചും ചില കേസുകൾ വരാറുണ്ട്. ഭാര്യ ദുർനടപ്പുകാരിയാണെന്ന് വ്യാജ പരാതി നൽകി  കുട്ടിയുടെ സംരക്ഷണം പൂർണ്ണമായും തട്ടിയെടുക്കുന്നതിന് ഭർത്താവും ശ്രമിക്കാറുണ്ട്. എന്നാൽ ഇത് തെളിയിക്കുന്നത് എളുപ്പമല്ലാത്തതിനാൽ ഈ നീക്കം കോടതിയിൽ പൊളിഞ്ഞുപോകുകയാണ് പതിവ്.
ദമ്പതികൾ തമ്മിൽ വേർപിരിയുന്നത് കുട്ടികളിൽ കടുത്ത മാനസിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. ഇതിനൊപ്പം വ്യാജ പോക്‌സോ കേസ് കൂടി വന്നാൽ കുട്ടികൾ  പെട്ടുപോകും. പ്രലോഭനവും ഭീഷണിയും അതിനൊപ്പം പിതാവിനെ നഷ്ടപ്പെട്ടുപോകുമെന്ന ഭീതിയുമെല്ലാം കൂട്ടികളെ ശരിക്കും തകർത്തു കളയുകയും വിഷാദ രോഗികളോ, അക്രമ വാസനയുള്ളവരോ ആയി മാറ്റുകയും ചെയ്യുമെന്ന് ചൈൽഡ് കൗൺസിലർമാർ പറയുന്നു.
 

Latest News