ചോദ്യംചെയ്ത 14കാരനെ പഞ്ചാബ് എംഎല്‍എയും കൂട്ടരും അടിച്ചു; കുട്ടി മദ്യപിച്ചിരുന്നതായി എംഎല്‍എ

പത്താന്‍കോട്ട്- മണ്ഡലത്തിലെ വികസനം സംബന്ധിച്ച് ചോദ്യം ഉന്നയിച്ച 14കാരനെ പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എ ജോഗിന്ദര്‍ പാല്‍ പരസ്യമായി അടിച്ചു. പിന്നാലെ എംഎല്‍എയുടെ അംഗരക്ഷനും അനുയായികളും ചേര്‍ന്ന് കുട്ടിയെ മര്‍ദിക്കുകയും ചെയ്തു. പ്രതിപക്ഷം ഏറ്റെടുത്ത വിഡിയോ വൈറലായതോടെ എംഎല്‍എ വിശദീകരണവുമായി രംഗത്തു വന്നു. മദ്യ ലഹരിയില്‍ തന്റെ അടുത്തെത്തിയ 14കാരന്‍ അസഭ്യം പറഞ്ഞതിനാലാണ് അടിച്ചതെന്ന് എംഎല്‍എ പറഞ്ഞു. മൂന്നോട്ട് വന്ന് ചോദ്യം ചോദിക്കാന്‍ ഞാന്‍ തന്നെയാണ് കുട്ടിക്ക് അവസരം നല്‍കിയത്. എന്നാല്‍ മൈക്ക് വാങ്ങിയ കുട്ടി എന്നെ അസഭ്യം പറയുകയായിരുന്നു. അതുകൊണ്ടാണ് അടിക്കേണ്ടി വന്നത്- ജോഗിന്ദര്‍ പാല്‍ പറഞ്ഞു. 

ഇത് ആസൂത്രിത സംഭവമാണ്. വെറും 14 വയസ്സുള്ള കുട്ടി സംഭവ സമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് കുട്ടിയുടെ അമ്മയും സമ്മതിച്ചിട്ടുണ്ട്. മദ്യപിച്ചിരുന്നെന്ന് കുട്ടിയും സമ്മതിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ക്ഷമിക്കുകയും ചെയ്തു. കുട്ടിക്കെതിരായ പരാതി പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്-എംഎല്‍എ പറഞ്ഞു. 

എംഎല്‍എയും കൂടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് 14കാരനെ പൊതിരെ തല്ലുന്ന വിഡിയോ വൈറലായതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കുട്ടിയുടേയും അമ്മയുടേയും രണ്ടു വിഡിയോകള്‍ പുറത്തു വിട്ടിരുന്നു. രാഷ്ട്രീയ പരിപാടിക്കെത്തിയപ്പോള്‍ മകന്‍ മദ്യപിച്ചിരുന്നതായി ഒരു വിഡിയോയില്‍ അമ്മ പറയുന്നുണ്ട്. തെറ്റുപറ്റിയതായി കുട്ടിയും പറയുന്നു. 

പത്താന്‍കോട്ട് ജില്ലയിലെ ഭോവയിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് എംഎല്‍എ സംസാരിക്കുന്നതിനിടെയാണ് ചോദ്യം ഉന്നയിക്കാന്‍ 14കാരന്‍ എത്തിയത്. ആദ്യം കുട്ടിയെ ആള്‍ക്കൂട്ടത്തില്‍ നിന്നും തള്ളിയകറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റും ശ്രമിച്ചു. എങ്കിലും കുട്ടി മുന്നോട്ട് കയറി വന്ന് എംഎല്‍എയുടെ അടുത്തെത്തി ഇവിട എന്താണ് ചെയ്തിട്ടുള്ളത് എന്ന് ചോദിക്കുകയായിരുന്നു. ഇതോടെ എംഎല്‍എ അടിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥനടക്കം എല്ലാവരും ചേര്‍ന്ന് 14കാരന്റെ മേല്‍കൈവെക്കുകയായിരുന്നു.
 

Latest News