ദുബായിലും മാലദ്വീപിലും പോയി നടന്മാരില്‍നിന്ന് പണം ഈടാക്കി; ഗുരുതര ആരോപണവുമായി മന്ത്രി

മുംബൈ- നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) സോണല്‍ മേധാവി സമീര്‍ വാങ്കഡെക്കതിരെ ഗുരുതര ആരോപണവുമായി മഹരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക് വീണ്ടും.

കോവിഡ് മഹാമാരി വേളയില്‍ ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ നിരവധി പേര്‍ ദുബായിലും മാലദ്വീപിലുമായിരുന്നപ്പോള്‍ എന്‍.സി.ബി ഡയരക്ടറും കുടുംബവും അവിടങ്ങളിലേക്ക് പോയെന്ന് മന്ത്രി പറഞ്ഞു.

മാലദ്വീപിലും ദുബായിലും സമീര്‍ വാങ്കഡെയും കുടുംബവും എന്തെടുക്കുകയായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് എന്‍.സി.പി വക്താവ് പറഞ്ഞു.

ഭീഷണിപ്പെടുത്തി പണം ഈടാക്കലാണ് ദുബായിലും മാലദ്വീപിലും നടന്നതെന്ന് വ്യക്തമാണെന്നും ഫോട്ടോകള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും നവാബ് മാലിക് പറഞ്ഞു.

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത ഇനിയും നീങ്ങിയില്ല. രജ്പുത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയെ വ്യാജ കേസില്‍ ഉള്‍പ്പെടുത്തി എന്‍.സി.ബി കളിക്കുകയായിരന്നുവെന്നും നിരവധി പേരെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നുവെന്നും എന്‍.സി.പി നേതാവ് പറഞ്ഞു.

വെറും വാട്‌സാപ്പ് ചാറ്റുകളുടെ പേരില്‍ നിരവധി നടന്മാര്‍ക്ക് എന്‍.സി.ബിയുടെ മുന്നില്‍ ഹാജരാകേണ്ടിവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News