Sorry, you need to enable JavaScript to visit this website.
Friday , May   20, 2022
Friday , May   20, 2022

ഗണിതത്തിന്റെ കുരുക്കഴിക്കുന്നവർക്ക്  നിറയെ അവസരങ്ങൾ

ശാസ്ത്രങ്ങളുടെ രാജ്ഞി എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന ഗണിതശാസ്ത്രത്തിന്റെ നിത്യജീവിതത്തിലെ സ്വാധീനവും പ്രസക്തിയും തിരിച്ചറിയാത്തവർ  കുറവായിരിക്കും. ദൈനംദിന വ്യവഹാരത്തിലെ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യം എന്നതിനപ്പുറം സകലമാന ശാസ്ത്രങ്ങളുടെയും വിശകലനോപാധി എന്ന നിലയിലും ഗണിതത്തിനു പ്രാധാന്യമുണ്ട്.  അക്കങ്ങളോട് പ്രിയമുള്ളവരും ഗണിതശാസ്ത്ര ക്രിയകളിലും പഠനത്തിലും താൽപര്യമുള്ളവരുമായ കുട്ടികൾക്ക് ഉപരിപഠന മേഖലയിൽ  വിപുലമായ കരിയർ സാധ്യതകളാണ് ഗണിതം ഒരുക്കുന്നത്. ക്രിറ്റിക്കൽ തിങ്കിങ്, പ്രശ്‌ന പരിഹാരം, അപഗ്രഥന ശേഷി എന്നീ വൈഭവങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് ഗണിതം ഒരു കരിയറായി തെരഞ്ഞെടുത്ത് ഉയരങ്ങളിലെത്താനാവും.


ദൽഹി സർവകലാശാലക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ, അലീഗഢ് മുസ്‌ലിം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ തുടങ്ങിയ സ്ഥാപനങ്ങളിൽ ബി.എസ്‌സി ഹോണേഴ്‌സ് കോഴ്‌സ് പഠിക്കാൻ അവസരമുണ്ട്. കൂടാതെ കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കീഴിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലും ബി.എസ്‌സി മാത്തമാറ്റിക്‌സ് പഠിക്കാവുന്നതാണ്. ദൽഹി സർവകലാശാല അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ ബി.കോം (ഹോണേഴ്‌സ്), ബി.എ ഇക്കണോമിക്‌സ് (ഹോണേഴ്‌സ്) കോഴ്‌സുകൾക്ക് പ്രവേശനം നേടണമെങ്കിൽ പ്ലസ്ടു തലത്തിൽ ഗണിതം ഒരു വിഷയമായി പറ്റിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്.


ഗണിതത്തിൽ ബിരുദം പൂർത്തിയാക്കിയതിന് ശേഷം  സ്റ്റാറ്റിസ്റ്റിക്‌സ്,   ബയോ സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ്  സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫോർമാറ്റിക്‌സ്, ഓപറേഷൻ റിസർച്ച്, ഡാറ്റാ സയൻസ്  ആൻഡ്  അനലിറ്റിക്‌സ്,  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആക്ച്യൂറിയൽ സയൻസ്, ഫൈനാൻഷ്യൽ മാത്തമാറ്റിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്,  ഡെവലപ്‌മെന്റൽ ഇക്കണോമിക്‌സ്,   ഇക്കണോമെട്രിക്‌സ്, ബിസിനസ് ഇക്കണോമിക്‌സ്, ക്വാളിറ്റി മാനേജ്‌മെന്റ് സയൻസ്,  എം.ബി.എ, എം.സി.എ, എൽഎൽ.ബി,  കമ്യൂണിക്കേഷൻ & ജേർണലിസം, ലൈബ്രറി സയൻസ്, ബയോ ഇൻഫോർമാറ്റിക്‌സ്,  മീറ്റിയറോളജി, വിഷ്വൽ കമ്യൂണിക്കേഷൻ, ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി, ക്ലൈമറ്റ് സയൻസ്, എൻവയോൺമെന്റൽ സയൻസ്, റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസ്, അപ്ലൈഡ് ജിയോളജി,  മെറ്റീരിയൽ സയൻസ്, നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, സോഷ്യൽ വർക്ക്, പൊളിറ്റിക്കൽ സയൻസ്,  ഫിസിക്കൽ എജ്യുക്കേഷൻ,  ജിയോ ഇൻഫോർമാറ്റിക്‌സ്, ന്യൂറോ സയൻസ്,    അക്കൗണ്ടിംഗ്, ഫൈനാൻഷ്യൽ അനലിസിസ്,  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രിന്റിംഗ്,   ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടൻസി,  കമ്പനി സെക്രട്ടറി,  ബ്ലോക്ക് ചെയിൻ, ബിസിനസ് അനലറ്റിക്‌സ്, സോഷ്യൽ വർക്ക്, പാക്കേജിങ്,  അഡൈ്വർടൈസിങ്  തുടങ്ങിയ മേഖലകളിൽ തുടർ പഠന/പരിശീലന  സാധ്യതകൾ പരിഗണിക്കാവുന്നതാണ്.


ബിരുദ, ബിരുദാനന്തര പഠനശേഷം നിശ്ചയിക്കപ്പെട്ട അധ്യാപന പരിശീലനം നേടിയാൽ ഹൈസ്‌കൂൾ,  ഹയർ സെക്കണ്ടറി, കോളേജ് തലങ്ങളിൽ അധ്യാപകരായും ജോലി തേടാം.   വിവിധ ജോലികൾക്കായി യു.പി.എസ്.സി, എസ്.എസ്.സി,  പി.എസ്.സി, ഡിഫൻസ്, ബാങ്കിങ്  എന്നിവ നടത്തുന്ന  പരീക്ഷകൾ അഭിമുഖീകരിച്ച് സർക്കാർ/ പൊതുമേഖലാ ജോലികൾക്കും ശ്രമിക്കാവുന്നതാണ്. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ടമെന്റിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെറ്റിഗേറ്റർ പദവിയിലേക്ക് കേരള പി.എസ്.സി നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കാൻ ബി.എസ്‌സി മാത്തമാറ്റിക്‌സ് ഒരു യോഗ്യതയാണ്.
എം.എസ്‌സി മാത്തമാറ്റിക്‌സ് പഠനം കഴിഞ്ഞതിന് ശേഷം ഗവേഷണം ഉദ്ദേശിക്കുന്നില്ലെങ്കിൽ  ഓയിൽ ആൻഡ് നാച്വറൽ ഗാസ് കോർപറേഷൻ (ഒ.എൻ.ജി.സി), ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ), ഇന്ത്യൻ സ്‌പെയ്‌സ് റിസർച്ച് ഓർഗനൈസേഷൻ (ഐ.ആർ.ഡി.ഒ), റിസർവ് ബാങ്ക്, ഗണിതശാസ്ത്രവും സ്റ്റാറ്റിസ്റ്റിക്‌സും അടിസ്ഥാനമാക്കിയുള്ള ഗവേഷണ ലാബുകൾ എന്നിവിടങ്ങളിൽ ജോലിക്ക് ശ്രമിക്കാം. 


അനുയോജ്യമായ രീതിയിൽ ഹ്രസ്വകാല പരിശീലനം നേടുന്നത് വഴി റിസ്‌ക് അനലിസ്റ്റ്, ഇക്വിറ്റി അനലിസ്റ്റ്, ഇന്ററസ്റ്റ് റേറ്റ് ട്രെൻഡിങ് സ്ട്രാറ്റജിസ്റ്റ്, ക്വണ്ടിറ്റേറ്റീവ് ഡെവലപ്പർ, ട്രഷറി മാനേജമെന്റ് സ്‌പെഷ്യലിസ്റ്റ്, അസറ്റ് മാനേജർ തുടങ്ങിയ ജോലികളെക്കുറിച്ചും പരിഗണിക്കാവുന്നതാണ്.


പ്ലസ് ടു വരെ ഗണിതം ഉൾക്കൊള്ളുന്ന സയൻസ് പഠിച്ചവർക്ക് തുടർപഠനത്തിനായി പ്രവേശനം  തേടാവുന്ന  പ്രധാന സ്ഥാപനങ്ങൾ

1) ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റിയൂട്ട് (സി.എം.ഐ)

മൂന്നു വർഷ  ബി.എസ്‌സി ഹോണേഴ്‌സ് മാത്തമാറ്റിക്‌സ് ആന്റ് ഫിസിക്‌സ് (പ്രവേശനം എൻട്രൻസ് വഴി).
ദേശീയ ശാസ്ത്ര ഒളിംപ്യാഡുകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്ക് പ്രവേശന പരീക്ഷയിൽ ഇളവ് ലഭിക്കാനിടയുണ്ട്. രണ്ട് ലക്ഷത്തോളം രൂപ വാർഷിക പഠന ഫീസ്  ഉണ്ടെങ്കിലും മുഴുവൻ ഫീസിളവുകളും ലഭിക്കുന്നതടക്കമുള്ള സ്‌കോളർഷിപ്പുകൾ, മറ്റു ഫെലോഷിപ്പുകൾ എന്നിവ ലഭ്യമാണ്. കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം പരിഗണിച്ച് ഭാഗികമായോ മുഴുവനായോ ഫീസിളവ് ലഭിക്കാനും ശ്രമിക്കാം.

2) ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റിയൂട്ട് (ഐ.എസ്.ഐ)
ബംഗളൂരു കാമ്പസിലെ ബിമാത്ത്, കൊൽക്കത്ത കാമ്പസിലെ ബിസ്റ്റാറ്റ് (രണ്ടും മൂന്നു വർഷത്തെ ഹോണേഴ്‌സ്  കോഴ്‌സുകൾ)- (പ്രവേശനം സ്ഥാപനം നടത്തുന്ന എൻട്രൻസ് വഴി)
നാഷണൽ മാത്തമറ്റിക്കൽ ഒളിംപ്യാഡിൽ പങ്കെടുത്ത് മികവ് തെളിയിച്ചവർക്ക് പ്രവേശന പരീക്ഷയിൽ ഇളവ് ലഭിക്കും. സ്‌റ്റൈപ്പന്റോട് കൂടിയ സൗജന്യ പഠനം.

3) ഐ.ഐ.എസ്.സി ബാംഗ്ലൂർ- നാലു വർഷ ബി.എസ് (റിസർച്ച്) (പ്രവേശനം കെ.വി.പി.വൈ, ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ്, നീറ്റ് ചാനലുകൾ വഴി)

4) തിരുവനന്തപുരം അടക്കമുള്ള ഏഴ്  ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആന്റ് റിസർച്ച് (ഐസർ):  അഞ്ച് വർഷ  ബി.എസ് എം.എസ്.ഡ്യൂവൽ ഡിഗ്രി (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്)  (പ്രവേശനം കെ.വി.പി.വൈ/ജെ.ഇ.ഇ (അഡ്വാൻസ്ഡ്)/ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴി)

5) നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആന്റ് റിസർച്ച് (ഭുവനേശ്വർ), യു.എം.ഡി.എ.ഇ. സെന്റർ ഫോർ എക്‌സലൻസ് ഇൻ ബേസിക് സയൻസസ് (മുംബൈ):  അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി: (പ്രവേശനം നാഷണൽ എൻട്രൻസ് സ്‌ക്രീനിംഗ് ടെസ്റ്റ് (എൻ.ഇ.എസ്.ടി  ടെസ്റ്റ്) വഴി)

6) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ  അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി മാത്തമാറ്റിക്‌സ്, (പ്രവേശനം സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (സി.എ.ടിക്യാറ്റ്  വഴി).

7) ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (കൊൽക്കത്ത):  അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ബാച്ചലേഴ്‌സ്  മാസ്‌റ്റേഴ്‌സ് സയൻസ് (മാത്തമാറ്റിക്‌സ്) (പ്രവേശനം, അണ്ടർ ഗ്രാജുവേറ്റ് പ്രീ ഇന്റർവ്യൂ സ്‌ക്രീനിംഗ് ടെസ്റ്റ് വഴി)

8) ഐ.ഐ.ടി ബോംബെ - നാലു വർഷ ബി.എസ്  ഇൻ മാത്തമാറ്റിക്‌സ് (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

9) ഐ.ഐ.ടി കാൺപൂർ- നാലു  വർഷ ബി.എസ്  ഇൻ മാത്തമാറ്റിക്‌സ് ആൻഡ് സയന്റിഫിക് കംപ്യൂട്ടിങ് (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

10) ഐ.ഐ.ടി റൂർഖി - അഞ്ചു   വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ അപ്ലൈഡ് മാത്തമാറ്റിക്‌സ്     (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

11) ഐ.ഐ.ടി ഖരഗ്പൂർ- അഞ്ചു   വർഷ ഇന്റഗ്രേറ്റഡ് എം. എസ്‌സി ഇൻ  മാത്തമാറ്റിക്‌സ്   ആൻഡ് കംപ്യൂട്ടിങ്   (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

12) റൂർക്കല, സൂറത്ത്, പട്‌ന എന്നീ എൻ.ഐ.ടികളിലെ  അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം. എസ്‌സി ഇൻ  മാത്തമാറ്റിക്‌സ് (പ്രവേശനം ജെ.ഇ.ഇ മെയിൻ വഴി)

13) എൻ.ഐ.ടി അഗർത്തലയിലെ   അഞ്ചു വർഷ  ബി.എസ് എം.എസ്. ഡ്യുവൽ ഡിഗ്രി ഇൻ  മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിങ്  (പ്രവേശനം ജെ.ഇ.ഇ മെയിൻ വഴി)

14) ദൽഹി, ഹൈദരാബാദ്, റോപാർ, ഗുവാഹതി, ഗോവ എന്നീ ഐ.ഐ.ടികളിലെ നാലു വർഷ ബി.ടെക് ഇൻ മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിങ്  (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

15) എൻ.ഐ.ടി ഹാമിർപൂരിലെ  നാലു വർഷ ബി.ടെക് ഇൻ മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിങ് (പ്രവേശനം ജെ.ഇ.ഇ മെയിൻ വഴി)

16) ദൽഹി, വരാണസി എന്നീ ഐ.ഐ.ടികളിലെ  അഞ്ചു വർഷ ബി.ടെക്, എം.ടെക് ഡ്യുവൽ ഡിഗ്രി ഇൻ മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിങ് (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

17)ഐ.ഐ.ടി (ഐ.എസ്.എം) ധൻബാദിലെ  അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.ടെക് ഇൻ മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിങ്

18) ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്‌സിറ്റിയിലെ  അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ മാത്തമാറ്റിക്കൽ സയൻസ്  (പ്രവേശനം എൻട്രൻസ് വഴി)

19) പോണ്ടിച്ചേരി  സെൻട്രൽ യൂനിവേഴ്‌സിറ്റിയിലെ  അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ മാത്തമാറ്റിക്‌സ്   (പ്രവേശനം എൻട്രൻസ് വഴി)

20) തമിഴ്‌നാട്, രാജസ്ഥാൻ, ഹരിയാന കേന്ദ്ര സർവകലാശാലകളിലെ   അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ മാത്തമാറ്റിക്‌സ് (പ്രവേശനം സി.യു.സി.ഇ.ടി എൻട്രൻസ്  വഴി).
 

Latest News