ബിറ്റ്‌കോയിൻ മറവിൽ തട്ടിപ്പുകാർ വിലസുന്നു 

  • ഐഫോൺ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളും ചോർത്തുന്നു. 

പ്രശസ്തമായ ഡേറ്റിംഗ് ആപ്പുകൾ വഴി ക്രിപ്‌റ്റോകറൻസി തട്ടിപ്പ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ടിൻഡർ, ബംബിൾ തുടങ്ങിയ ഡേറ്റിംഗ് ആപ്പുകൾ തട്ടിപ്പുകാർ ഇരകളെ തേടുന്നുവെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ സോഫോസ് റിസർച്ച് വ്യക്തമാക്കുന്നു. ലക്ഷക്കണക്കിനു ഡോളർ തട്ടുക മാത്രമല്ല, ഇരകളുടെ ഫോണുകളുടെ നിയന്ത്രണം പിടിക്കാനും സൈബർ ക്രിമിനലുകൾക്ക് സാധിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. 


കൂടുതലായും ഐഫോൺ ഉപയോക്താക്കളാണ് തട്ടിപ്പിനിരയായത്. ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും സൈബർ തട്ടിപ്പുകാർ സജീവമാണെന്ന് ക്രിപ്‌റ്റോറോം എന്നു പേരിട്ട തട്ടിപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയ സോഫോസ് റിസർച്ച് പറയുന്നു. സൈബർ ക്രിമിനലുകളുടെ നിയന്ത്രണത്തിലുള്ള ഒരു ബിറ്റ്‌കോയിൻ വാലറ്റ് ഉപയോഗിച്ചാണ് പ്രധാനമായും തട്ടിപ്പ്. 
ജനപ്രിയ ഡേറ്റിംഗ് സൈറ്റുകളിൽ ആളുകൾ വിശ്വസിക്കുന്നത തരത്തിലൂള്ള വ്യാജ പ്രൊഫൈലുകൾ പോസ്റ്റ് ചെയ്യുന്നതിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇരയെ കിട്ടിക്കഴിഞ്ഞാൽ ആശയവിനിമയം തുടരുന്നതിന് ഒരു മെസേജിംഗ് പ്ലാറ്റ്‌ഫോമിലേക്ക് ക്ഷണിക്കുന്നു. ഇതിനു പിന്നാലെ വ്യാജ ക്രിപ്‌റ്റോകറൻസ് ട്രെഡിംഗിൽ നിക്ഷേപിക്കാൻ ആവശ്യപ്പടുന്നു. തുടക്കത്തിൽ വലിയ ലാഭം കാണിക്കും. നിക്ഷേപകർ പണം തിരികെ ഈടാക്കാൻ ഒരുങ്ങിയാൽ പിന്നീട് ഇവരെ കാണില്ല. ഇങ്ങനെ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. തട്ടിപ്പിലൂടെ ദശലക്ഷക്കണക്കിന് ഡോളർ സൈബർ ക്രിമിനലുകൾ സ്വന്തമാക്കിയതായണ് തങ്ങളുെട ഗവേഷണം വ്യക്തമാക്കുന്നതെന്ന് സോഫോസ് സീനിയർ ഗവേഷകൻ ജഗദീഷ് ചന്ദ്രയ്യ പറയുന്നു.


പണം കവരുന്നതിനു പുറമെ, ക്രിപ്‌റ്റോകറൻസി ആപ്പിലൂടെ ഇരകളുടെ ഐഫോൺ വിവരങ്ങൾ ചോർത്തുന്നതായും ഗവേഷണത്തിൽ കണ്ടെത്തി. പുതിയ ഐ.ഒ.എസ് ആപ്പുകൾ പരിശോധിക്കുന്നതിന് സോഫ്റ്റ് വെയർ ഡെവലപ്പർമാർ ഉപയോഗിക്കുന്ന എന്റർപ്രൈസ് സിഗ്നേച്വർ എന്ന സംവിധാനവും ഇതിനായി ഉപയോഗിക്കുന്നു. അംഗീകാരത്തിനായി ആപ്പിൾ സ്റ്റോറിനു സമർപ്പിക്കുന്നതിനു മുന്നോടിയായി ഡെവലപ്പർമാർ തങ്ങളുടെ ആപ്പുകൾ പരിശോധിക്കുന്ന സംവിധാനമാണിത്. ഇതു വഴി കൂടുതൽ ഐഫോൺ ഉപയോക്താക്കളെ തങ്ങളുടെ ക്രിപ്‌റ്റോകറൻസി ആപ്പിലെത്തിക്കാനും തട്ടിപ്പ് നടത്താനും ക്രിമിനലുകളെ സഹായിക്കുന്നു. 
ഐഫോൺ ഉപയോക്താക്കൾക്ക് പണം നഷ്ടപ്പെടുക മാത്രമല്ല, വ്യക്തിപരമായ വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്യുന്നു. 
 


 

Latest News