Sorry, you need to enable JavaScript to visit this website.

VIDEO ജിദ്ദ നഗരം മുഖം മിനുക്കുന്നു, ബലദിലെ ട്രെയിന്‍ കെട്ടിടം ഓര്‍മയിലേക്ക്

ജിദ്ദ- കിംഗ് അബ്ദുല്‍ അസീസ് റോഡിലെ പുരാതന ട്രെയിന്‍ കെട്ടിടം പൊളിച്ചു നീക്കുന്നു. അല്‍ബെയ്ക്ക് ഉള്‍പ്പെടെ ഉയര്‍ന്ന നിലവാരത്തിലുള്ള പത്തിലധികം ഫുഡ്‌കോര്‍ട്ടുകളുടെ ശൃംഖലക്ക് തേജസ്സ് പകരുകയും രണ്ടു പതിറ്റാണ്ടിലധികം ജിദ്ദ ഡൗണ്‍ടൗണിന്റെ സിഗ്നേച്ചര്‍ ആകുകയും ചെയ്ത ട്രെയിന്‍ കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചു നീക്കാനാണ് പുരാവസ്തു വകുപ്പും നഗരസഭയും സംയുക്തമായി തീരുമാനമെടുത്തത്.

ജിദ്ദ ശാരാ ഗാബിലിലും സ്വര്‍ണസൂഖിലുമുള്ള കടകള്‍ പൊളിച്ചു നീക്കാനും പ്രധാനപാതയില്‍ കോഫി ഷോപ്പുകളും ഓപ്പണ്‍ റെസ്റ്റോറന്റുകളും ആരംഭിക്കാനും പദ്ധതിയുണ്ട്.

കഴിഞ്ഞ രണ്ടു മാസമായി ഇവയുടെ പുനര്‍നിര്‍മാണം തകൃതിയായി നടക്കുകയാണ്. ബലദിനകത്തേക്കുള്ള പ്രധാനപാത അടച്ചിട്ടുകൊണ്ടാണ് നിര്‍മാണം. ജുഫാലി മസ്ജിദ് മുതല്‍ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി ഓഫീസ് വരെയുള്ള കെട്ടിടങ്ങളെല്ലാം സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പൊളിച്ചുനിക്കാന്‍ തുടങ്ങി.

ബലദിലേക്കുള്ള പ്രവേശനമാര്‍ഗത്തിലെ റൗണ്ട്എബൗട്ടില്‍ സ്ഥാപിച്ച സ്തൂപം കഴിഞ്ഞ ആഴ്ച പൊളിച്ചു നീക്കിയിരുന്നു. ബാഗ്ദാദിയയിലെ ലഗൂണിന് അഭിമുഖമായി പുതിയ സിനിമാഹൗസിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. റെഡ്്് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ഇവിടെ പ്ലാന്‍ ചെയ്തിരുന്നെങ്കിലും കോവിഡായത് കൊണ്ട്് റദ്ദാക്കുകയായിരുന്നു.

ചെങ്കടലിന്റെ റാണിയായ ജിദ്ദാ നഗരത്തിന്റെ പ്രാചീനമായ പ്രതാപം വീണ്ടെടുക്കല്‍ കൂടി സൗന്ദര്യവല്‍ക്കരണപദ്ധതിയുടെ ഭാഗമാണ്.

കൂടുതല്‍ റസ്റ്റോറന്റ് ശൃംഖലകളും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പൈതൃകനഗര പദ്ധതികളും പുതുവര്‍ഷാരംഭമാകുമ്പോഴേക്കും ഉയര്‍ന്നു വരുന്നതോടെ ജിദ്ദ നഗരകവാടത്തിന്റെ സുന്ദരമുഖമായിരിക്കും രൂപപ്പെടുക.

 

Latest News