Sorry, you need to enable JavaScript to visit this website.

മാനത്ത് സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും ഫോട്ടോകള്‍; രൂപപ്പെടുത്തിയത് 2760 ഡ്രോണുകള്‍

റിയാദ് - റിയാദ് സീസണ്‍ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ഫോട്ടോകള്‍ 2,760 ഡ്രോണുകള്‍ ചേര്‍ന്ന് മാനത്ത് രൂപപ്പെടുത്തിയത് ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമായി. വ്യത്യസ്ത ഭാഷകളില്‍ സന്ദര്‍ശകര്‍ക്ക് സ്വാഗതമോതിയുള്ള ഡ്രോണുകളുടെ പ്രദര്‍ശനത്തിനിടെ റിയാദ് സീസണ്‍ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളുടെയും പരിപാടികളുടെയും എംബ്ലങ്ങളും മാനത്ത് വരച്ചുകാട്ടി.
റിയാദ് സീസണ്‍ കപ്പിനു വേണ്ടിയുള്ള താരമത്സരം അടുത്ത ജനുവരിയില്‍ നടക്കും. സൗദിയിലെ അല്‍ഹിലാല്‍, അല്‍നസ്ര്‍ ക്ലബ്ബുകളിലെ ഏറ്റവും മികച്ച കളിക്കാര്‍ ഒരു ടീം ആയി മെസ്സി, നെയ്മര്‍, എംബാപ്പെ അടക്കമുള്ള വന്‍താരങ്ങള്‍ അണിനിരക്കുന്ന പാരീസ് സെന്റ് ജെര്‍മൈന്‍ ക്ലബ്ബ് ടീമുമായാണ് റിയാദ് സീസണ്‍ കപ്പിനു വേണ്ടിയുള്ള ഫുട്‌ബോള്‍ മത്സരത്തില്‍ പോരാടുക. ഇത്തവണത്തെ റിയാദ് സീസണില്‍ ശൈത്യകാല ഗെയിമുകള്‍ക്ക് പ്രശസ്തമായ ലണ്ടനിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് ആയ വിന്റര്‍ വണ്ടര്‍ലാന്റിന്റെ സാന്നിധ്യവുണ്ട്. ആറു പ്രദേശങ്ങളിലായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുയോജ്യമായ 52 ഗെയിമുകളാണ് വിന്റര്‍ വണ്ടര്‍ലാന്റ് സന്ദര്‍ശകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
റഷ് എന്ന് പേരിട്ട ഇ-ഗെയിം ഫെസ്റ്റിവലും റിയാദ് സീസണില്‍ നടക്കും. ഇ-ഗെയിം ഫെസ്റ്റിവലിലെ വിജയികള്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ലോകത്തെ മുന്‍നിര മജീഷ്യന്മാര്‍ പങ്കെടുക്കുന്ന മാജിക് ഷോയും റിയാദ് സീസണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക, ആഗോള സംഗീത പ്രതിഭകള്‍ പങ്കെടുക്കുന്ന സംഗീത പരിപാടികള്‍, കലാപ്രകടനങ്ങള്‍, സൗദിയിലെയും അറബ് രാജ്യങ്ങളിലെയും മുന്‍നിര താരങ്ങള്‍ വേഷമിടുന്ന നാടകങ്ങള്‍ എന്നിവയും ഇത്തവണ കലാസംഗീത, നാടക പ്രേമികള്‍ക്കായി റിയാദ് സീസണില്‍ നടക്കും.
ബോളിവാര്‍ഡ് റിയാദ് സിറ്റി, റിയാദ് ഫ്രന്റ്, വയ റിയാദ്, കോംപാറ്റ് ഫീല്‍ഡ്, വിന്റര്‍ വണ്ടര്‍ലാന്റ്, അല്‍മുറബ്ബ, റിയാദ് സഫാരി, റിയാദ് ഒയാസിസ്, നബ്ദ് അല്‍റിയാദ്, സമാന്‍ വില്ലേജ്, അല്‍സലാം ട്രീ, അല്‍അഥ്‌രിയ, ദി ഗ്രോവ്‌സ് എന്നിവ അടക്കമുള്ള പതിനാലു പ്രദേശങ്ങളിലായി ആകെ 54 ലക്ഷത്തിലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് റിയാദ് സീസണ്‍ പരിപാടികള്‍ നടക്കുന്നത്.
2019 ല്‍ സംഘടിപ്പിച്ച ആദ്യ റിയാദ് സീസണ്‍ പരിപാടി വന്‍വിജയമായിരുന്നു. ആദ്യ റിയാദ് സീസണ്‍ പരിപാടി 70 ലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ചിരുന്നു. ഇതോടെ സൗദിയിലെ ഏറ്റവും ഇഷ്ടപ്പെട്ട ഫെസ്റ്റിവല്‍ ആയി റിയാദ് സീസണ്‍ മാറി. കൊറോണ മഹാമാരി വ്യാപനം മൂലം കഴിഞ്ഞ വര്‍ഷം റിയാദ് സീസണ്‍ സംഘടിപ്പിച്ചിരുന്നില്ല. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ വിനോദ പരിപാടികളോടെയാണ് ഇത്തവണത്തെ റിയാദ് സീസണ്‍ സംഘടിപ്പിക്കുന്നത്.

 

 

Latest News