ന്യൂദൽഹി- 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ ബിജെപിക്ക് വിളനിലമൊരുക്കാൻ ലക്ഷ്യമിട്ട് രാമക്ഷേത്ര നിർമ്മാണ മുദ്രാവാക്യവുമായി ആർ എസ് എസ് വീണ്ടും രഥയാത്രയ്ക്കൊരുങ്ങുന്നു. ബിജെപിക്ക് കാര്യമായ വേരോട്ടമില്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഉന്നമിട്ടാണ് യാത്ര. 'രാമ രാജ്യ രഥ യാത്ര' എന്നു പേരിട്ടിരിക്കുന്ന 39 ദിവസം നീളുന്ന യാത്ര സംഘടിപ്പിക്കുന്നത് ശ്രീ രാമദാസ് മിഷൻ യുണിവേഴ്സൽ സൊസൈറ്റി എന്ന മഹാരാഷ്ട്രയിലെ ഒരു സംഘടനയാണെങ്കിലും ആർ എസ് എസും സംഘപരിവാർ സംഘടനകളുമായി ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.
ഫെബ്രുവരി പതിമൂന്നിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി തീപ്പൊരി ഹിന്ദുത്വ നേതാവ് യോഗി ആദിത്യനാഥ് യാത്ര ഉൽഘാടനം ചെയ്യും. വിശ്വ ഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ അയോധ്യയിലെ കർസേവക്പുരത്തു നിന്നാണ് യാത്രയുടെ തുടക്കം. മാർച്ച് 23ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് അവസാനിക്കും.
രഥ യാത്ര സുഗമമായി കടന്നു പോകുന്നതിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആറു സംസ്ഥാനങ്ങളിലെ പോലീസ് മേധാവികൾക്ക് പ്രത്യേക അറിയിപ്പു നൽകിയിട്ടുണ്ട്. യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേയും കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും ഡിജിപിമാർക്കാണ് രഥ യാത്രയ്ക്ക് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിഐപി സുരക്ഷാ വകുപ്പ് അറിയിപ്പ് നൽകിയിട്ടുള്ളത്.






