Sorry, you need to enable JavaScript to visit this website.

അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ കോവിഡ് ഉപയോഗപ്പെടുത്തി-  ആംനസ്റ്റി

ലണ്ടന്‍-അഭിപ്രായസ്വാതന്ത്യം അടിച്ചമര്‍ത്താന്‍ ലോകത്താകമാനമുള്ള ഭരണകൂടങ്ങള്‍ കോവിഡ് പ്രതിസന്ധി ഉപയോഗപ്പെടുത്തിയെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നു കയറ്റങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവെന്ന് സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ആംനസ്റ്റി റിസര്‍ച്ച് അഡ്വക്കസി ആന്‍ഡ് പോളിസി സീനിയര്‍ ഡയറക്ടര്‍ രജത് ഘോസ്ല പറഞ്ഞു.
'കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് നിരവധി വാര്‍ത്താവിനിമയ ഉപാധികള്‍ തകര്‍ക്കപ്പെടുകയും സമൂഹമാധ്യമങ്ങള്‍ സെന്‍സര്‍ ചെയ്യുകയും മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടെ നിശബ്ദമാക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്ത പത്രപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും നിരവധിയാണ്. ഇതെല്ലാം കൊണ്ട് തന്നെ ജനങ്ങള്‍ക്ക് മുന്നിലെത്തിയ വാര്‍ത്തകളൊന്നും പൂര്‍ണമാണെന്ന് പറയാനാവില്ല.'അപൂര്‍ണമായ വാര്‍ത്തകള്‍ തെറ്റിദ്ധാരണകളും മുന്‍വിധികളും സൃഷ്ടിക്കും. ഇത് ജനങ്ങളുടെ സുരക്ഷയെ ബാധിക്കും. കോവിഡില്‍ ലോകത്താകമാനം അമ്പത് ലക്ഷം ആളുകളാണ് മരണമടഞ്ഞത്. വ്യക്തമായ വിവരങ്ങള്‍ ശരിയായ രീതിയില്‍ ജനങ്ങളിലെത്താത്തത് ഇത്രയധികം മരണങ്ങള്‍ക്ക് കാരണമായ കാര്യങ്ങളിലൊന്നാണ്.' അദ്ദേഹം പറഞ്ഞു.
ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2020 ഫെബ്രുവരിയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് 5,511 പേര്‍ക്കെതിരെയാണ് ചൈനയില്‍ ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന് ഉത്തരവിട്ടത്. ടാന്‍സാനിയയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുലി കോവിഡ് കാലത്ത് മാധ്യമങ്ങളെ സര്‍ക്കാരിന്റെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ ആവശ്യമില്ല എന്ന നിലപാടെടുത്തിരുന്ന ഇദ്ദേഹം ഈ മാര്‍ച്ചില്‍ മരണമടഞ്ഞെങ്കിലും രാജ്യത്ത് കോവിഡ് പ്രതിസന്ധിയില്ലെന്നും കോവിഡിനെ പ്രാര്‍ഥനയിലൂടെ അകറ്റി എന്നുമാണ് പറഞ്ഞിരുന്നത്.
ഇതുപോലെ നിരവധി രാജ്യങ്ങളാണ് കോവിഡില്‍ അഭിപ്രായസ്വാതന്ത്യത്തെ അടിച്ചമര്‍ത്തിയത് മൂലം ദുരിതങ്ങള്‍ വരുത്തി വച്ചതെന്ന് ഘോസ്ല അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തുന്ന അനാവശ്യ വിലക്ക് മൂലം തെറ്റായ വാര്‍ത്തകളാണെങ്കിലും എന്താണ് തെറ്റെന്ന് മനസ്സിലാക്കാന്‍ ജനങ്ങള്‍ വൈകുന്നു എന്നും ഇത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Latest News