Sorry, you need to enable JavaScript to visit this website.

ആപ്പിള്‍ 'തൂവാല' കച്ചവടവും തുടങ്ങി; വില 1900 രൂപ

ഗുണമേന്മ പോലെ വിലയുടെ കാര്യത്തിലും ഏറ്റവും മുന്നിലാണ് ടെക്ക് ഭീമനായ ആപ്പിളിന്റെ ഗാജെറ്റുകളും അസസറികളും. ആപ്പിള്‍ ഇറക്കുന്ന ബ്രാന്‍ഡ് മുദ്രയുള്ള കീ ചെയ്‌നിനു വരെ രൂപ 2500 നല്‍കണം. ഐഫോണ്‍ 13ന്റെ സിലിക്കന്‍ കെയ്‌സിനു അയ്യായിരത്തോളം രൂപയാണ് വില. ഇതിനിടെയാണ് തിങ്കളാഴ്ച ആപ്പിള്‍ തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ഒരു ഉല്‍പ്പന്നം വിപണിയിലിറക്കിയത്. പോളിഷിങ് ക്ലോത്ത്. മാക് ബുക്കിന്റേയും ഐപാഡുകളുടേയും ഐഫോണുകളുടേയുമെല്ലാം സ്‌ക്രീനും മറ്റു ഉപകരണങ്ങളും തുടച്ചു വൃത്തിയാക്കുന്നതിനുള്ള മികച്ച ഗുണമേന്മയുള്ള ഒരു തൂവാലയാണിത്. ഏറ്റവും മൃദുവായ മികച്ച മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ചതാണിത് എന്നാണ് ആപ്പിള്‍ പറയുന്നത്. 19 ഡോളറാണ് യുഎസിലെ വില. ആപ്പിള്‍ സ്റ്റോറില്‍ കാണിക്കുന്ന ഇന്ത്യയിലെ വില 1900 രൂപയും. ഒരു തോര്‍ത്ത് കഷണത്തിന് ഇത്ര വിലയോ എന്നാണിപ്പോള്‍ ആപ്പിള്‍ ഗീക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചോദിക്കുന്നത്. മാത്രവുമല്ല ആപ്പിളിന്റെ തോര്‍ത്ത് ട്വിറ്ററിലാകെ ട്രോളും മീമും ആയി മാറിയിരിക്കുകയാണ്. ആമസോണില്‍ 1.50 ഡോളറിന് ലഭിക്കുന്ന മൈക്രോ ഫൈബര്‍ തുണികളില്‍ നിന്ന് ആപ്പിളിന്റെ പോളിഷിങ് ക്ലോത്തിന് എന്ത് വ്യത്യാസമാണുള്ളത് എന്നതു സംബന്ധിച്ചും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ആപ്പിളില്‍ നിന്ന് വിലകുറഞ്ഞ ഒരു ഉല്‍പ്പന്നം എന്നു കേട്ടപ്പോള്‍ കൊതിയോടെ ആപ്പിള്‍ സ്റ്റോറില്‍ എത്തിനോക്കിയവരെല്ലാം ഇപ്പോള്‍ ഒരു തുണിക്കഷണത്തിന് 1900 രൂപയോ എന്നാണ് ചോദിക്കുന്നത്. മാക്ക് ബുക്കിന്റെ സ്റ്റാര്‍ട്ടിങ് വില 1.94 ലക്ഷം രൂപ എന്നു കാണുമ്പോള്‍ കണ്ണീര്‍ തുടക്കാന്‍ ആപ്പിള്‍ ഇപ്പോള്‍ ഒരു തുണിക്കഷണവും ഇറക്കിയിരിക്കുന്നു എന്നാണ് പോളിഷിങ് ക്ലോത്തിനെ കുറിച്ച് ഒരു രസികന്റെ ട്വീറ്റ്. ആപ്പിളിന്റെ എല്ലാ ഗാജെറ്റിനും കോംപാറ്റിബിള്‍ ആയ മികച്ച ഉപകരണം, ഇതാണ് ഭാവി, ഗംഭീര ടെക്‌നോളജി തന്നെ എന്നൊക്കെയാണ് ഓരോ ട്രോളുകള്‍.

Latest News