തൃശൂര്‍ - ജില്ലയില്‍ സന്ധ്യയോടെ കനത്ത മഴയും ഇടിയും മിന്നലും. മലയോര മേഖലയിലും ഡാമുകളുടെ വൃഷ്ടിപ്രദേശത്തും കനത്ത മഴ തുടരുകയാണ്. ചിമ്മിനി മേഖലയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.
കേരളത്തില്‍ അതിതീവ്രമഴ സാധ്യത പ്രഖ്യാപിക്കുകയും മലയോര മേഖലകളില്‍ മഴ പെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവില്‍ തൃശൂര്‍ ജില്ലയിലെ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ അവിടം വിട്ട് പോകരുതെന്ന് ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍ അഭ്യര്‍ഥിച്ചു. മഴ ഒരു ദിവസം മാറി നിന്ന സാഹചര്യത്തില്‍ ചില ക്യാമ്പുകളില്‍നിന്ന് താമസക്കാര്‍ തിരികെ വീടുകളിലേക്ക് പോകാനുള്ള പ്രവണതയെ തുടര്‍ന്നാണ് കലക്ടറുടെ അഭ്യര്‍ഥന. കലക്ടറുടെ നേതൃത്വത്തില്‍ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തൃപ്തികരമായ രീതിയിലാണ് ജില്ലയിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശത്തെ ആളുകള്‍ സുരക്ഷയെ മാനിച്ച് ക്യാമ്പുകളിലേക്ക് താമസം മാറാന്‍ തയാറാകണം. അപകട ഭീഷണി നിലനില്‍ക്കുന്ന തലപ്പിള്ളി താലൂക്കില്‍ ഇങ്ങനെ വരുന്നവരെ സ്വീകരിക്കാന്‍ അഞ്ച് ക്യാമ്പുകള്‍കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.