Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവേശനോത്സവത്തിന് തീയറ്ററുകള്‍ ഒരുങ്ങുന്നു; രാഗത്തിന്റെ ഒരുക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്

തൃശൂര്‍ - നീണ്ട ഇടവേളക്കു ശേഷം സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ തുറക്കാനൊരുങ്ങുമ്പോള്‍ തൃശൂര്‍ ജില്ലയിലെ തീയറ്ററുകളിലും ഒരുക്കങ്ങള്‍ സജീവം. കേരളത്തിലെ പേരുകേട്ട തീയറ്ററുകളിലൊന്നായ തൃശൂരിലെ ജോര്‍ജേട്ടന്‍സ് രാഗം തിയറ്ററിലെ ഒരുക്കങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ ഹിറ്റായിക്കഴിഞ്ഞു. സിനിമപ്രേമികള്‍ ആവേശത്തോടെയാണ് രാഗം വീണ്ടും പ്രദര്‍ശനത്തിനൊരുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സ്വീകരിച്ച് ഷെയര്‍ ചെയ്യുന്നത്. ജില്ലയിലെ പല തീയറ്ററുകളും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇവയില്‍ എത്ര തീയറ്ററുകള്‍ തുറക്കുമെന്ന കാര്യത്തില്‍ അവ്യക്തതകളുണ്ട്.
മള്‍ട്ടിപ്ലെക്‌സ് തീയറ്ററുകളും ജില്ലയുടെ പല ഭാഗങ്ങളിലുമുണ്ട്. പുതിയ സിനിമകളുടെ റിലീസ്‌കൂടി വരുന്നതോടെ കൂടുതല്‍ തീയറ്ററുകള്‍ തുറക്കുമെന്നാണ് ഉടമകള്‍ പറയുന്നത്.
നിബന്ധനകളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും തീയറ്ററുകള്‍ തുറക്കാന്‍ പോകുന്നുവെന്നത് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ആവേശമുയര്‍ത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച തീയറ്റര്‍ ഉടമകളുമായി സര്‍്ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. തിങ്കളാഴ്ച തിയറ്ററുകള്‍ തുറക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
പ്രവേശനം പകുതി പേര്‍ക്കേ ഉണ്ടാകുകയുള്ളു. ഏതെല്ലാം സിനിമകള്‍ തിങ്കളാഴ്ച റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അജഗജാന്തരം തിങ്കളാഴ്ച തിയറ്ററിലെത്തുമെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കിലും സെന്‍ട്രല്‍ പിക്‌ചേഴ്‌സ് അജഗജാന്തരത്തിന്റെ റിലീസ് ഡിസംബര്‍ മൂന്നിലേക്ക് മാറ്റി. രണ്ടു ദിവസത്തിനുള്ളില്‍ റിലീസിംഗ് ചിത്രങ്ങള്‍ സംബന്ധിച്ച വ്യക്തമായ ധാരണയാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ മലയാള സിനിമകളൊന്നും തന്നെ റിലീസിനില്ലെന്നാണ് വിവരം.
ഹോളിവുഡ് സിനിമയായ ജെയിംസ് ബോണ്ടും തമിഴ് ചിത്രമായ ഡോക്ടറുമാണ് കേരളത്തിലെ തിയറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശനത്തിനെത്താന്‍ സാധ്യതയുള്ള സിനിമകള്‍.
പൃഥ്വിരാജ്, ജോജു, ഷീലു എബ്രഹാം  എന്നിവര്‍ അഭിനയിച്ച സ്റ്റാര്‍ എന്ന ചിത്രം റിലീസിനൊരുങ്ങിയിട്ടുണ്ട്. വന്‍ ബജറ്റ് ചിത്രങ്ങള്‍ ദീപാവലിക്കായിരിക്കും തീയറ്ററിലെത്തുകയെന്നാണ് കരുതുന്നത്.
തൃശൂര്‍ ജില്ലയില്‍ എല്ലായിടത്തും റിലീസിംഗ് സ്റ്റേഷനുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ബി ക്ലാസ് അഥവ ഷിഫ്റ്റിംഗ് സ്റ്റേഷന്‍ തീയറ്റര്‍ ഒരെണ്ണം വരടിയത്തുണ്ട്.
റിലീസിംഗ് സ്റ്റേഷനില്‍ തുടക്കത്തില്‍ തുറക്കുന്ന തീയറ്ററുകളുടെ എണ്ണം കുറവാണെങ്കിലും നവംബറോടെ കൂടുതല്‍ ചിത്രങ്ങള്‍ റീലിസ് ചെയ്യുമ്പോള്‍ കൂടുതല്‍ തീയറ്ററുകള്‍ തുറക്കുമെന്നാണ് ഉടമകള്‍ പറയുന്നത്.
രാജ്യത്ത് കോവിഡ് പടര്‍ന്നതോടെ 2020 മാര്‍ച്ച് 10നാണ് സംസ്ഥാനത്ത് ആദ്യം സിനിമാ തിയേറ്ററുകള്‍ അടയ്ക്കുന്നത്. തുടര്‍ന്ന് നീണ്ട ഇടവേളയ്ക്കു ശേഷം 2021 ജനുവരി 13ന് പൊങ്കല്‍ ഉല്‍സവത്തിന്റെ ഭാഗമായി തിയേറ്ററുകള്‍ തുറന്നു. എന്നാല്‍ റിലീസ് ചെയ്യാന്‍ മലയാള ചിത്രങ്ങള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് തമിഴ് നടന്‍ വിജയ് അഭിനയിച്ച മാസ്റ്റര്‍ എന്ന ചിത്രം മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. അധികം വൈകാതെ 2021 ഏപ്രില്‍ 25ന് വീണ്ടും തിയേറ്ററുകള്‍ അടച്ചു.
ഏറ്റവും അവസാനമായി ഇക്കഴിഞ്ഞ ഏപ്രിലില്‍ റിലീസ് ആയത് കൊക്കോ എന്ന ചിത്രമായിരുന്നു.
തിയറ്ററുകള്‍ അടച്ചിടുന്നതിന് തൊട്ടുമുന്‍പ് റിലീസ് ചെയ്ത സിനിമകള്‍, തുറന്നാല്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതുണ്ടാകില്ലെന്ന് ഉറപ്പായി. ഒടിടി പ്ലാറ്റ്‌ഫോമിലും അല്ലാതെയും ആ ചിത്രങ്ങളെല്ലാം ആളുകള്‍ കണ്ടു കഴിഞ്ഞു. മോഹന്‍ലാലിന്റെ മരയ്ക്കാര്‍, ആറാട്ട് എന്ന വമ്പന്‍ സിനിമകളാണ് തിയറ്ററുകളെ ആഘോഷമാക്കാനായി റിലീസ് കാത്തിരിക്കുന്നത്.

 

 

Latest News