കൊച്ചി- ചെല്ലാനത്ത് ട്വന്റി 20 - യു.ഡി.എഫ് സഖ്യത്തിന്റെ അവിശ്വാസ പ്രമേയം പാസായതോടെ ചെല്ലാനം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണ നഷ്ടമായി. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് അവിശ്വാസം പാസായത്. പുതിയ ഭരണത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിന്റ് സ്ഥാനം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം ട്വന്റി ട്വന്റിക്ക് നല്‍കുമെന്നാണ് വിവരം.
കിഴക്കമ്പലം മോഡലിന്റെ ചുവട് പിടിച്ചാണ് ചെല്ലാനത്തും ട്വന്റി ട്വന്റി രൂപീകരിച്ചത്. സംഘടന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റും നേടി. ഇടതു മുന്നണിക്ക് ഒമ്പതും കോണ്‍ഗ്രസിന് നാലും സീറ്റാണ് തെരഞ്ഞെടുപ്പില്‍ കിട്ടിയത്. എന്നാല്‍ ട്വന്റി ട്വന്റിക്കൊപ്പം ചേര്‍ന്ന് ഭരണം പിടിക്കാന്‍ അന്ന് കോണ്‍ഗ്രസ് തയാറായില്ല. ഇപ്പോള്‍ പുതിയ ഡി.സി.സി നേതൃത്വം ആ നിലപാട് മാറ്റി ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് ഇടതു ഭരണത്തെ അട്ടിമറിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇടതുമുന്നണി പ്രതിപക്ഷത്തെ പൂര്‍ണമായും അവഗണിക്കുകയും വികസനം അട്ടിമറിക്കുകയും ചെയ്യുന്നുവെന്നാണ് പുതിയ നയത്തിന് കോണ്‍ഗ്രസ് നേതൃത്വം പറയുന്ന ന്യായീകരണം. ചെല്ലാനത്തിന്റെ സമഗ്ര വികസനത്തിനും സന്തുലിതമായ വികസനത്തിനും വേണ്ടിയാണ് ഭൂരിപക്ഷം എന്ന നിലയില്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ചു ട്വന്റി-20 യും കോണ്‍ഗ്രസും ചെല്ലാനത്തു കൈകോര്‍ക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ചെല്ലാനത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിത പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് തന്നെയാണ്. താഴെത്തട്ടില്‍ നടപ്പാക്കേണ്ട പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിനും നേതൃത്വം നല്‍കാന്‍ പഞ്ചായത്ത് ഭരണത്തിലൂടെ കോണ്‍ഗ്രസിന് സാധിക്കും. പണം വാഗ്ദാനം ചെയ്തും ജോലി വാഗ്ദാനം ചെയ്തും സി.പി.എം നടത്തിയ ശ്രമങ്ങള്‍ക്ക് മുന്നില്‍ ജനപ്രതിനിധികള്‍ വീണു പോകാത്തതിന്റെ നിരാശയിലാണ് സി.പി.എം എന്നും അദ്ദേഹം പറഞ്ഞു.