Sorry, you need to enable JavaScript to visit this website.

സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്യുന്ന അധ്യാപകരെ കരിപ്പൂർ വിമാനത്താവളത്തിൽ തടഞ്ഞു

റിയാദ്- സൗദി അറേബ്യയിൽ സ്വകാര്യ, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സൗദിയിലേക്ക് നേരിട്ട് വരാൻ അനുമതിയുണ്ടായിട്ടും വിമാനക്കമ്പനി അനുമതി നിഷേധിച്ചതായി പരാതി. റിയാദിലെ സ്വകാര്യസ്‌കൂളിൽ ജോലി ചെയ്യുന്ന അധ്യാപകരെയാണ് വിമാനക്കമ്പനി ബുധനാഴ്ച കരിപ്പുർ എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചത്.  
റിയാദ് അൽയാസ്മിൻ സ്‌കൂൾ അധ്യാപകരായ ഷാഫി മാസ്റ്റർ കരുവാരക്കുണ്ട്. വി.എച്ച് ഹമീദ് എന്നിവർ സ്‌പൈസ് ജെറ്റിലാണ് റിയാദിലേക്ക് ടിക്കറ്റെടുത്തിരുന്നത്. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയപ്പോൾ സൗദിയിൽ നിന്ന് രണ്ടു ഡോസ് എടുത്തവർക്ക് മാത്രമേ നേരിട്ട് പോകാനാവൂയെന്ന് സ്പേസ് ജറ്റ് കൗണ്ടർ സ്റ്റാഫ് അറിയിച്ചു. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സർക്കുലർ കാണിച്ചുകൊടുത്തപ്പോൾ ഇത് ഞങ്ങൾക്ക് അറിയില്ലെന്നും മറ്റ് എയർലൈനുകളിൽ നിരവധി അധ്യാപകർ സൗദിയിൽ എത്തിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഈ വിമാനത്തിൽ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. തുടർന്ന് ഇവർ സ്‌പൈസ് ജെറ്റ് അധികൃതർ, എയർപോർട്ട് മാനേജർ, ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി, സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി, കേന്ദ്രവ്യോമയാന മന്ത്രി എന്നിവർക്ക് പരാതി നൽകി.
ഈ മാസം അഞ്ചിനാണ് സ്‌കൂൾ ജീവനക്കാരെ കൊണ്ടുവരാമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എല്ലാ വിമാനക്കമ്പനികൾക്കും നിർദേശം നൽകിയിരുന്നത്. ഇന്ത്യയിൽ നിന്ന് സൗദി എയർലൈൻസ്, ഗോ എയർ എന്നിവയിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ അധ്യാപകർ എത്തിയിരുന്നു. അവരാരെയും വിമാനത്താവളത്തിൽ തടഞ്ഞിരുന്നില്ല.

Latest News