ന്യൂദൽഹി- സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തിലെ വസ്തുതകൾ പുറത്തു കൊണ്ടു വരാൻ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സമീപിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ പ്രതിചേർക്കപ്പെട്ട വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേൾക്കുന്നതിനിടെ മരണപ്പെട്ട ലോയയുടെ കേസിൽ ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതിപക്ഷം വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെടുന്നത്.
ലോയയുടെ മരണത്തിൽ ദൂരൂഹതകൾ ഏറെയാണെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ ദുരൂഹ മരണങ്ങൾ നടന്നിട്ടുണ്ടെന്നും ഈയിടെ കോൺഗ്രസ് തെളിവുകൾ നിരത്തി വാർത്താ സമ്മേളനം നടത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സി.ബി.ഐ, എൻ.ഐ.എ പോലുള്ള ഏജൻസികൾ അന്വേഷിച്ചാൽ നീതി ലഭിക്കില്ലെന്നും സ്വതന്ത്ര അന്വേഷണമാണ് വേണ്ടതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിക്ക് നൽകാനുള്ള കത്ത് തയാറാക്കുകയും അതിൽ മറ്റു പ്രതിപക്ഷ പാർട്ടി നേതാക്കളും എം.പിമാരും ഒപ്പു വെക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ലോയയുടെ മരണത്തിലെ സംശയങ്ങളെല്ലാം വിശദമായി കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പുറത്തു വന്ന വെളിപ്പെടുത്തലുകളും ഇതിലുൾപ്പെടും.
ലോയ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന സിപിഎമ്മിന്റെ ആവശ്യം പ്രതിപക്ഷം ചർച്ച ചെയ്തില്ല. ഈ ഒരു ആവശ്യം ഉന്നയിക്കുന്നതിൽ തിടുക്കം കാട്ടേണ്ടതില്ലെന്നാണ് കോൺഗ്രസിലെ നിയമവിദഗ്ധരുടേയും മറ്റു പ്രതിപക്ഷ പാർട്ടി നേതാക്കളുടേയും അഭിപ്രായമെന്നറിയുന്നു. രാഷ്ട്രപതിക്ക് നൽകുന്ന കത്തിൽ സുപ്രീം കോടതി പ്രതിസന്ധിയെ കുറിച്ച് പരാമർശമുണ്ടാവില്ലെന്നും പ്രതിപക്ഷം സൂചന നൽകുന്നു.