വാഷിങ്ടന്‍- കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവലിനെതിരെ കടുത്ത വിമര്‍ശനവുമായി അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനും മുന്‍ യുഎസ് പ്രസിഡന്റുമായ ഡൊനള്‍ഡ് ട്രംപ്. പവല്‍ വിശ്വസ്തതയില്ലാത്ത റിപ്പബ്ലിക്കന്‍ ആണെന്നും ഇറാഖ് യുദ്ധത്തിലേക്ക് നയിച്ച് വന്‍ അബദ്ധമാണ് അദ്ദേഹം ചെയ്തതെന്നും ട്രംപ് വിമര്‍ശിച്ചു. മരണാനന്തരം അമേരിക്കയില്‍ കക്ഷിഭേദമന്യേ എല്ലാവരും പവലിന്റെ രാഷ്ട്ര, നയതന്ത്ര പാടവത്തെ വാഴ്ത്തുന്നതിനിടെയാണ് ട്രംപിന്റെ കടുത്ത വിമര്‍ശനം. 'ഇറാഖിന്റെ പേരിലും ഏറെ കൊട്ടിഘോഷിക്കപ്പെട്ട വന്‍ നശീകരണ ആയുധങ്ങളുടെ പേരിലും വലിയ അബദ്ധങ്ങള്‍ കാട്ടിക്കൂട്ടിയ കോളിന്‍ പവലിനെ മരണ ശേഷം ഫെയ്ക്ക് ന്യൂസ് മാധ്യമങ്ങള്‍ മനോഹരമായി വാഴ്ത്തുന്നത് കാണാന്‍ നല്ല രസം. ഒരു നാള്‍ എന്നോടും ഇതു ചെയ്യുമെന്നാണ് പ്രതീക്ഷ, ' എന്നായിരുന്നു പരിഹാസത്തോടെയുള്ള ട്രംപിന്റെ പ്രതികരണം.
തിങ്കളാഴ്ച അന്തരിച്ച പവൽ ട്രംപിന്റെ വിമര്‍ശകനായിരുന്നു. ജനുവരിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെ കാപിറ്റോളില്‍ കലാപം ഇളക്കി വിട്ട സാഹചര്യത്തില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പവല്‍ ട്രംപിനെ കണ്ടിരുന്നു. അമേരിക്കയില്‍ ദേശീയ യുദ്ധ ഹിറോ ആയാണ് മുൻസൈനിക മേധാവി കൂടിയായ പവല്‍ വാഴ്ത്തപ്പെടുന്നത്. യുഎസിന്റെ ആദ്യ കറുത്ത വര്‍ഗക്കാരനായ വിദേശകാര്യ സെക്രട്ടറിയായിരുന്നു. ആഗോള തലത്തില്‍ പേരെടുത്ത നയതന്ത്രജ്ഞനും ഏറ്റവും പ്രബലനായ ആഫ്രിക്കന്‍ അമേരിക്കന്‍ നേതാവുമായിരുന്നു അദ്ദേഹം.
എന്നാല്‍ വളരെ രൂക്ഷമായാണ് ട്രംപ് പവലിനെതിരെ പ്രതികരിച്ചത്. "പേരില്‍ മാത്രം റിപബ്ലിക്കന്‍ ആയ ആള്‍ക്ക് ക്ലാസിക് ഉദാഹരണമാണ് പവല്‍. നിരവധി അബദ്ധങ്ങള്‍ ചെയ്തു കൂട്ടി. എന്നിരുന്നാലും അദ്ദേഹം സമാധാനമായി ഉറങ്ങട്ടെ"- ട്രംപ് അനുശോചന സന്ദേശമായി പറഞ്ഞു.