സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പിരിച്ചുവിടണം -പ്രതിപക്ഷ നേതാവ്

കണ്ണൂര്‍- പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പു പോലും നല്‍കാന്‍ കഴിയാത്ത സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് സ്വയം ദുരന്തമായി മാറിയിരിക്കയാണ് ഈ അതോറിറ്റി. പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ പോലും സാധിക്കുന്നില്ല. പ്രളയവും ഉരുള്‍പൊട്ടലും നടന്നതിന് ശേഷമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്ത് പ്രളയമടക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഈ മാസം 8 ന് കുസാറ്റിലെ കാലാവസ്ഥാ പഠനകേന്ദ്രവും നാസയുമടക്കം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതൊന്നും ദുരന്തനിവാരണ സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ല -സതീശന്‍ പറഞ്ഞു.
സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായ നടപടികള്‍ വേണം. 2018 ലെ പ്രളയത്തില്‍നിന്നും സര്‍ക്കാര്‍ യാതൊരു പാഠവും പഠിച്ചിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോഴത്തെ ദുരന്തം. കഴിഞ്ഞ വര്‍ഷമായി സര്‍ക്കാര്‍ വെറുതെ ഇരിക്കുകയായിരുന്നു. നിയമസഭയില്‍ നാല് തവണ അടിയന്തര പ്രമേയമായി ഈ വിഷയം അവതരിപ്പിച്ചിട്ടും നടപടികള്‍ ഉണ്ടായില്ല. നെതര്‍ലാന്റില്‍ സന്ദര്‍ശനം നടത്തി ഡച്ച് മാതൃക നടപ്പാക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ ഒന്നും പറയുന്നില്ല. റൂം ഫോര്‍ റിവര്‍ എന്നത് വെള്ളം കൃത്യമായി ഒഴുകിപ്പോകാനുള്ള സംവിധാനമാണ്. ഇതിന് നേര്‍ വിപരീത പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
2018 ലെ മഹാദുരന്തം കേരളത്തില്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലും നിയന്ത്രണ നടപടികളും വേണം.
ദുരന്തമുണ്ടാവുമ്പോള്‍ മാത്രമുള്ള ഇടപെടലുകളല്ല ആവശ്യം. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ്. കേരളത്തിലെ പ്രളയ ദുരന്തത്തിന് ആക്കം കൂട്ടുന്നതാണ് നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി. വിശദമായ പാരിസ്ഥിതിക സാമൂഹ്യ സാമ്പത്തിക ആഘാത പഠനം നടത്താതെ പദ്ധതി ആരംഭിക്കരുത്.
കേരളത്തേക്കാള്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ഒറീസ എന്ന സംസ്ഥാനം ചുഴലിക്കാറ്റെന്ന ദുരന്തത്തെ എങ്ങിനെയാണ് നേരിട്ടതെന്ന് പഠിക്കണം. 1978 ല്‍ ഒന്നര ലക്ഷം പേര്‍ ചുഴലിക്കാറ്റില്‍ മരിച്ചപ്പോള്‍ 2 വര്‍ഷം മുമ്പുണ്ടായ ചുഴലിക്കാറ്റില്‍ മരിച്ചത് കേവലം രണ്ട് പേര്‍ മാത്രമാണ്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാന്‍ ഹര്‍ത്താല്‍ നടത്തിയവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പരിസ്ഥതിക്ക് വേണ്ടി പറയുന്നത് കര്‍ഷകര്‍ക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ അന്ന് ചിലര്‍ക്ക് കഴിഞ്ഞു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പകരം അതിലും കൂടുതല്‍ അപകടകരമായ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണ് വന്നത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ ചിത്രത്തിലില്ല. അതിനാല്‍ അതേക്കുറിച്ച് ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നല്ല നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ തെറ്റില്ല. പശ്ചിമഘട്ടം ക്വാറി മാഫിയക്ക് വിട്ടുകൊടുത്തതിന്റെ ഫലമാണിപ്പോള്‍ നാം അനുഭവിക്കുന്നത്. സംസ്ഥാനത്ത് കാലാവസ്ഥാ പ്രവചനങ്ങള്‍ പോലും കൃത്യമല്ല. ദുരന്തനിവാരണ അതോറിറ്റിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നത്.
2018 ലെ മഹാ അബദ്ധം ഇനി കേരളത്തില്‍ ആവര്‍ത്തിക്കരുത്. ഡാമുകള്‍ ഒരുമിച്ച് തുറക്കുമ്പോള്‍ എല്ലാ ഘടകങ്ങളും പരിശോധിക്കണം. വെള്ളം ചെന്നുചേരുന്ന സമയത്തെ വേലിയേറ്റം വരെ വിലയിരുത്തണം. കേരളത്തിലെ നദികളിലെ മണല്‍ നീക്കം ചെയ്യണം. പാരിസ്ഥിതിക ലോല പ്രദേശങ്ങളില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കരുത്. കര്‍ഷകരെ മുന്നില്‍ നിര്‍ത്തി പരിസ്ഥിതിയെ കൊള്ളയടിക്കാന്‍ മാഫിയകളെ അനുവദിക്കരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു.

 

 

Latest News