കോട്ടയം- അപ്രതീക്ഷിതമായി മഴ ദുരന്തം എത്തുമ്പോള്‍ കോട്ടയത്തിന്റെ ജില്ലാ ഭരണകൂടം ആലസ്യത്തിലായിരുന്നു. കോട്ടയത്ത്് രണ്ടു ദിവസത്തേക്ക്് കാലാവസ്ഥാമുന്നറിയിപ്പൊന്നും ഇല്ലാത്തതിനാല്‍ ജില്ലാ കലക്ടറും പോലീസ് മേധാവിയും കോട്ടയത്ത് ഇല്ലായിരുന്നു. ജില്ലാ ഭരണകൂടം ഒരു അവധി മൂഡിലായിരുന്നു. പക്ഷേ ശനിയാഴ്ച രാവിലെ മുതല്‍ മഴ കനത്തതോടെ സ്ഥിതിമാറി. കിഴക്കന്‍ മേഖലകളില്‍ മലവെള്ളപാച്ചിലായതോടെ സന്ദേശങ്ങള്‍ പാഞ്ഞു. എറണാകുളത്ത് ഒരു യോഗത്തിലായിരുന്ന മന്ത്രി വി.എന്‍. വാസവന്‍ ഉടന്‍ കുതിച്ചെത്തി. ജില്ലാ ഭരണകൂടത്തിലെ രണ്ടു പ്രധാന തസ്തികളില്‍ ഉള്ളവരും ഇല്ലെന്ന് മന്ത്രി മനസ്സിലാക്കി. ഇതോടെ യാത്രയ്ക്കിടയില്‍ തന്നെ തലസ്ഥാനത്തേക്ക് സന്ദേശം നല്‍കി. പോലീസിന് സുപ്രധാന നിര്‍ദേശം നല്‍കി. കൂട്ടിക്കല്‍, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ മേഖലകള്‍ കൈവിടുകയാണെന്ന്് വ്യക്തമായതോടെ നേരിട്ട് പാലായിലേക്കാണ് മന്ത്രി എത്തിയത്. പിന്നെ കൂട്ടിക്കലും. ഉച്ചകഴിഞ്ഞതോടെ മഴ കുറഞ്ഞുവെങ്കിലും റോഡുകള്‍ വെള്ളത്തിലായത് പ്രതിസന്ധിയായി. പാലായില്‍നിന്നു കൂട്ടിക്കലെത്തിയ മന്ത്രി അവിടെ ക്യാമ്പ് ചെയ്തു. ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താനായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. അതിനിടെ തിരുവനന്തപുരത്തു നിന്നു റവന്യൂ മന്ത്രി ആര്‍. രാജനും മന്ത്രി റോഷി അഗസ്റ്റിനും വന്നു. പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കലും ചീഫ് വിപ്പ്് ഡോ. എന്‍. ജയരാജും സജീവമായി. പോലീസ് സംഘം ദുരിതം വിതച്ച മേഖലകളിലേക്ക് രാത്രി തന്നെ പോയി. പോലീസ് സംഘമാണ് തീര്‍ത്തും അപകടരമായ സാഹചര്യത്തില്‍ ഉള്‍പ്രദേശങ്ങളിലേക്ക് ആദ്യം കടന്നു ചെന്നത്്. പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച് നിര്‍ദേശം നല്‍കി മന്ത്രി തല സംഘവും.
മഴയുടെ സ്വഭാവം മാറിയതറിഞ്ഞ്് കോട്ടയം ജില്ലാ ഭരണകൂടത്തെ വിളിക്കുമ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ് ആരോപിച്ചിരുന്നു. മഴ മുന്നറിയിപ്പ് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിഞ്ഞതുമില്ല. മന്ത്രി തലത്തിലുള്ള തുടര്‍ ഏകോപനം കാര്യക്ഷമമായെങ്കിലും ദുരന്തം തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പാളി എന്നു വിമര്‍ശനമുണ്ട്. ഇന്നലെ പ്രദേശം സന്ദര്‍ശിച്ച ശേഷം ബി.ജെ.പി സംസ്്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഇത് ആവര്‍ത്തിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ദുരന്തം മുന്‍കൂട്ടി കാണുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണ്. മഹാ പ്രളയത്തിനുശേഷം റീബില്‍ഡ് കേരള പദ്ധതിക്കായി കോടികള്‍ സമാഹരിച്ചെങ്കിലും ഉപയോഗിക്കുന്നില്ല. ദുരന്ത സ്ഥലങ്ങളില്‍ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കൂട്ടിക്കല്‍, ഈരാറ്റുപേട്ട, തലനാട്്, പ്ലാപ്പള്ളി എന്നിവിടങ്ങളിലായി വ്യാപാരികള്‍ക്ക്് 100 കോടിയോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്്. വെള്ളം കയറി സാധനങ്ങള്‍ നശിച്ചതു കൂടാതെ പല ഗോഡൗണുകളിലും ചെളിയടിഞ്ഞിരിക്കുകയാണ്. ഇതു മാറ്റിയെടുക്കാന്‍ തന്നെ ദിവസങ്ങള്‍ വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കോവിഡ് അടച്ചുപൂട്ടലിനു പിന്നാലെ എത്തിയ പ്രളയം കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയിലെ വ്യാപാരികളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് സമിതി ചൂണ്ടികാട്ടി.






