അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കും

ന്യൂദല്‍ഹി- പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കും. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്നും അമരീന്ദര്‍ വ്യക്തമാക്കി. ബി.ജെ.പിക്കു പുറമേ അകാലിദളില്‍നിന്ന് ഇടഞ്ഞു നില്‍ക്കുന്നവരെ കൂടി ഒപ്പം ചേര്‍ത്തു നിര്‍ത്താനാണ് അമരീന്ദറിന്റെ നീക്കം. ബി.ജെ.പിയെ വര്‍ഗീയ കക്ഷിയായോ മുസ്ലിംവിരുദ്ധ കക്ഷിയായി താന്‍ കാണുന്നില്ലെന്നാണ് അമരീന്ദര്‍ പറഞ്ഞത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. മാത്രമല്ല, പഞ്ചാബില്‍ സിഖ്, മുസ്ലിം, ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന് ഉടന്‍ പരിഹാരം കാണുമെന്നും അമരീന്ദര്‍ വ്യക്തമാക്കി. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിദ്ധുവിനെതിരേ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പറഞ്ഞ അമരീന്ദര്‍ സിംഗ് നേരിട്ടു മത്സര രംഗത്ത് ഇറങ്ങുമെന്നും സൂചനയുണ്ട്.
കര്‍ഷക സമരത്തിന് പരിഹാരം ഉണ്ടാക്കുന്നതിന് അടിസ്ഥാനമായിരിക്കും ബി.ജെ.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുക എന്ന് അമരീന്ദര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ഒട്ടാകെ ബാധിച്ചിരിക്കുന്ന ഒന്നാണ് കര്‍ഷക പ്രക്ഷോഭം. അതിനു പരിഹാരം കണ്ടെത്തുക എന്നത് തന്നെയാണ് തന്റെ സുപ്രധാനവും പ്രാഥമികവുമായ ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം അതിനുള്ള നടപടികളെടുക്കുമെന്നും അമരീന്ദര്‍ വ്യക്തമാക്കി.

 

 

Latest News