Sorry, you need to enable JavaScript to visit this website.

സഞ്ചാരികളെ കാത്ത് തോണിക്കടവ് 


കോവിഡ് ഒരു പക്ഷേ ഏറ്റവും കൂടുതൽ തളർത്തിയ മേഖലകളിലൊന്ന് വിനോദ സഞ്ചാര മേഖലയാണ്.  വിദേശത്തു നിന്നുള്ള വിനോദ സഞ്ചാരികളെപ്പോലെ സ്വദേശ സഞ്ചാരികളെയും അത് കുച്ചുവിലങ്ങിട്ട് വീട്ടിനുള്ളിൽ ഒതുക്കിക്കളയുകയായിരുന്നു.  രാജ്യത്തിന് വിദേശ നാണ്യ വരുമാനം നേടിത്തരുന്ന ഒരു മേഖല എന്നുള്ള നിലക്ക് വിനോദ സഞ്ചാര മേഖലയുടെ ലോക്ഡൗൺ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഏറെ പ്രതികൂലമായാണ് ബാധിച്ചത്. 


ഏഴും അഞ്ചും നക്ഷത്ര ഹോട്ടലുകൾ മുതൽ വീട്ടിലെ ഒരു മുറി ഹോം സ്‌റ്റേയാക്കി മാറ്റിയ കേരളത്തിലെ ചെറുകിട കുടുംബങ്ങളെ പോലും ഏറെ വിപരീതമായാണ് ഇത് ബാധിച്ചത്. അതുപോലെ  ടൂറിസ്റ്റുകളുടെ പ്രത്യേകിച്ച് വിദേശ ടൂറിസ്റ്റുകൾക്ക് യാത്രയിൽ ഒഴിച്ചു കൂടുവാൻ കഴിയാത്ത ബിയർ വിൽപനയിൽ മുതൽ ഉൾഗ്രാമങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പലപ്പോഴും നാം കാണുന്ന നാടൻ തട്ടുകടയിലെ ചായ വിൽപനയുടെ അളവിൽ വരെ അത് ഗണ്യമായ കുറവാണ് വരുത്തി. യിരിക്കുന്നത്.  ഇങ്ങനെ കേരളത്തിന്റെ റവന്യൂ വരുമാനത്തിൽ മോശമല്ലാത്ത ഒരു പങ്ക് നൽകിയിരുന്ന ടൂറിസം മേഖലയെ പഴയ പ്രതാപത്തിലേക്ക്  തിരിച്ചു കൊണ്ടുവരികയെന്നതാണ് രണ്ടാമതായി അധികാരമേറ്റ പിണറായി സർക്കാരിന്റെ വരുംകാലത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തോടെ  നമ്മുടെ രാജ്യത്ത് കോവിഡിന്റെ വളർച്ച മറ്റു വിദേശ രാജ്യങ്ങളിൽ . ഇന്ത്യയെക്കുറിച്ച്  നേരെ വിപരീതമായ അഭിപ്രായമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇതുകൊണ്ടു തന്നെ പല രാജ്യങ്ങളും ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്കടക്കമുള്ളവ ഇപ്പോഴും നിലനിൽക്കുകയാണ്. പല രാജ്യങ്ങളും പിൻവലിച്ചതാകട്ടെ ഭാഗികമായിട്ടാണുതാനും. ഇത്തരമൊരു പരിതഃസ്ഥിതിയിലാണ് അന്തർദേശീയ ടൂറിസ്റ്റുകളെപ്പോലെ തന്നെ തദ്ദേശ ടൂറിസ്റ്റുകളെയും ആകർഷിക്കുന്ന പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യുകയെന്ന തീരുമാനത്തിലേക്ക് കേരളാ ടൂറിസം ഡിപ്പാർട്ട്‌മെന്റ് എത്തുന്നത്. ഇത്തരമൊരു തീരുമാനം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പല പദ്ധതികൾക്കും പലതും പൊടി തട്ടിയെടുത്ത് ജീവൻ നൽകിയിരിക്കുകയാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.


 തദ്ദേശീയർക്കും വിദേശത്തു നിന്നുള്ളവർക്കും പ്രകൃതി രമണീയതയുടെ പുതിയ കാഴ്ചകൾ നേരിട്ടാസ്വദിക്കുവാൻ പറ്റിയ ഇടങ്ങളിലൊന്ന് കോഴിക്കോട് ജില്ലയിലെ തോണിക്കടവ് സഞ്ചാര കേന്ദ്രം. ഏകദേശം അടച്ചുപൂട്ടി വെക്കപ്പെട്ട ഒന്നര വർഷത്തിന്റെ കോവിഡ് കാലത്തിന്റെ വിരസത അകറ്റി ഒരു യാത്ര പോവാൻ ആഗ്രഹിക്കുന്നവർക്ക് മനസ്സും ശരീരവും കുളിർപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിൽ  തോണിക്കടവിലേക്ക് പോവാം.  കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ പ്രകൃതിക്ക് ഒട്ടും പോറലേൽപിക്കാതെ അണിയിച്ചൊരുക്കിയ തോണിക്കടവിലെത്താം. കക്കയം ഡാമിനടുത്താണ് തോണിക്കടവെന്ന അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രം. ഇതിനടുത്തു തന്നെയാണ് വിദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള കരിയാത്തുംപാറയും. കല്യാണ ഫോട്ടോ ഷൂട്ടുകൾക്കും സിനിമ ഷൂട്ടിംഗിനും കുടുംബസമേതം സായാഹ്നങ്ങൾ ചെലവിടാനും അവധി ദിനങ്ങൾ ആഘോഷമാക്കാനും അനുയോജ്യമാണ് തോണിക്കടവും കരിയാത്തുംപാറയും.   കോവിഡ് കാലത്തെ അടച്ചിടലുകൾക്കൊടുവിൽ  തോണിക്കടവിന്റെയും കരിയാത്തും  പാറയുടെയും സൗന്ദര്യം ആസ്വദിക്കാൻ വിനോദ സഞ്ചാരികൾ ഇപ്പോൾ ഏറെ ഇവിടെ  എത്തിത്തുടങ്ങിയിട്ടുണ്ട്. മേഘങ്ങളെ തൊട്ടുനിൽക്കുന്ന വാച്ച് ടവറും ശാന്തമായ ജലാശയവും പച്ചപ്പും ഹൃദയ ദ്വീപുമെല്ലാം കാഴ്ചക്കാർക്ക് നൽകുന്നത് ഹൃദ്യമായ അനുഭവമാണ്.


കക്കയം മലനിരകളും ബോട്ട് സർവീസിന് അനുയോജ്യമായ കുറ്റിയാടി റിസർവോയറിന്റ ഭാഗമായ ജലാശയവുമാണ് തോണിക്കടവിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കുട്ടികൾക്കുള്ള ചെറിയ പാർക്ക്, ഇരിപ്പിടങ്ങൾ, കൂടാരങ്ങൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികൾക്ക് പ്രവേശനം.
കണ്ണിന് കുളിർമ നൽകുന്ന പച്ചപ്പരവതാനി വിരിച്ച പോലെയാണ് കരിയാത്തുംപാറയിലെ പുഴയോരം. വലിയ കാറ്റാടി മരങ്ങളും  ഉണങ്ങിയൊടിഞ്ഞ മരത്തടികളും മലബാറിന്റെ ഊട്ടിയായ കരിയാത്തുംപാറക്ക് സൗന്ദര്യം കൂട്ടുന്നതാണ്. പാറക്കൂട്ടങ്ങളും ഉരുളൻ കല്ലുകളും തണുത്ത വെള്ളവും സഞ്ചാരികൾക്ക് നൽകുക മനസ്സ് കുളിർപ്പിക്കുന്ന അനുഭവങ്ങളാണ്.  


3.91 കോടി രൂപയാണ് വിനോദ സഞ്ചാര വകുപ്പ് പദ്ധതിക്കായി ചെലവഴിച്ചത്. ഇറിഗേഷൻ വകുപ്പിനാണ് നിർവഹണ ചുമതല. ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയാണ് പദ്ധതിയുടെ മേൽനോട്ട ചുമതല വഹിക്കുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്ത് 2014 ൽ ആണ്  തോണിക്കടവ് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒന്നും രണ്ടും ഘട്ടങ്ങളുടെ  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു.
രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് കൗണ്ടർ, കഫ്റ്റീരിയ, വാക് വേ, സീറ്റിങ് ആംഫി തിയേറ്റർ, ഗ്രീൻ റൂം, മാലിന്യ സംസ്‌കരണ സംവിധാനം, കുട്ടികളുടെ പാർക്ക്, ബോട്ട് ജെട്ടി, ലാൻഡ് സ്‌കേപ്പിങ്, തുടങ്ങിയവയാണ് സഞ്ചാരികൾക്കായി സജ്ജീകരിച്ചിട്ടുള്ളത്. ഹൃദയ ദ്വീപിലേക്കുള്ള സസ്പൻഷൻ ബ്രിഡ്ജും ദ്വീപിന്റെ വികസനവുമാണ് അടുത്ത അഥവാ മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് കൂടി പൂർത്തിയാവുമ്പോൾ തോണിക്കടവ് ടൂറിസം പദ്ധതി മലബാറിന്റെ പ്രധാന വിനോദ  സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറും.


കൂടാതെ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി ഇവിടെ ബോട്ട് സർവീസും തുടങ്ങുന്നതോടെ ഇത്തരത്തലുള്ള പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളെയെല്ലാം കവച്ചുവെക്കുന്ന രീതിയിലുള്ള പുതുമയുള്ള ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി തോണിക്കടവ് മാറുമെന്നതിൽ തർക്കമില്ല. കാരണം ഇപ്പോൾ തന്നെ കേട്ടറിഞ്ഞ് കേട്ടറിഞ്ഞ് ഇവിടെയെത്തുന്ന നൂറുകണക്കിന് സഞ്ചാരികളും മറ്റും ഈ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുകയാണ്. എന്തായാലും നാടിന്റെ പ്രകൃതി ഭംഗി മലിനീകരണമില്ലാത്ത ഒരു അന്തരീക്ഷത്തിൽ നിന്ന് കണ്ടനുഭൂതിയടയുവാൻ താൽപര്യമുള്ളവരാണെങ്കിൽ മറുത്തൊന്നും ആലോചിക്കേണ്ട , നേരെ കോഴിക്കോട് ജില്ലയിലെ കക്കയം ഡാമിനടുത്ത തോണിക്കടവിലേക്ക് നീങ്ങിക്കോ എന്ന ഉപദേശമാണ് നൽകുവാനുള്ളത്.


കോഴിക്കോട് നഗരത്തിൽ എത്തി  താമരശ്ശേരി ഭാഗത്തു കൂടിയാണ് വരുന്നതെങ്കിൽ  എസ്‌റ്റേറ്റ്മുക്ക് വഴിയും കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്നവർക്ക് കൂരാച്ചുണ്ട് വഴിയും കണ്ണൂരിൽ നിന്ന് വരുന്നവർക്ക് കുറ്റിയാടി ചക്കിട്ടപാറ വഴിയും തോണിക്കടവിലേക്കെത്താം. രാവിലെ  ഒൻപത് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്. ഇവിടേക്കെത്തുന്ന സഞ്ചാരികൾക്ക് ഒരു ദിവസം കൊണ്ട് തന്നെ അയൽവിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, വയലട, നമ്പികുളം എന്നിവിടങ്ങളിലും സന്ദർശനം നടത്താം.

 


 

Latest News