വെള്ളത്തില്‍ മുങ്ങിയ ബസ്: ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

കോട്ടയം- പൂഞ്ഞാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് വെള്ളക്കെട്ടിലൂടെ അപകടകരമായ രീതിയില്‍ ഓടിച്ച സംഭവത്തില്‍ ഡ്രൈവര്‍ എസ്. ജയദീപിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വെള്ളക്കെട്ടിലൂടെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ ബസ് ഓടിച്ചതിന്റെ പേരില്‍ ജയദീപിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് ജയദീപ്.

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ  നിര്‍ദേശ പ്രകാരം കെ.എസ്.ആര്‍.ടി.സി എംഡി ആണ് ജയദീപനെ സസ്‌പെന്റ് ചെയ്തത്. ഒരാള്‍ പൊക്കത്തിലുള്ള വെള്ളക്കെട്ടില്‍ മുക്കാല്‍ ഭാഗവും മുങ്ങിയ ബസ്സില്‍നിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് വലിച്ച് കരക്ക് കയറ്റി. അശാസ്ത്രീയമായ തടയണയാണ് ഇവിടെ വെള്ളം കയറാന്‍ കാരണം. തന്നെ സസ്‌പെന്റ് ചെയ്തതിനെതിരെ ഗതാഗത വകുപ്പിനെ അധിക്ഷേപിച്ച് ജയദീപ് പ്രതികരിച്ചിരുന്നു.

 

Latest News