Sorry, you need to enable JavaScript to visit this website.

ഇടുക്കി അണക്കെട്ട് തുറന്നു, പെരിയാര്‍ തീരത്ത് ജാഗ്രത

തൊടുപുഴ- ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മൂന്നു സൈറണുകള്‍ മുഴക്കിയശേഷമാണ് ഡാം തുറന്നത്. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂന്നു ഷട്ടറുകളും 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താനാണ് തീരുമാനം.

സെക്കന്‍ഡില്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളം പുറത്തേക്കൊഴുകും. ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ പെരിയാറിലെ ജലനിരപ്പ് ഒരുമീറ്റര്‍ ഉയര്‍ന്നേക്കാം. വെള്ളം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018 നെ അപേക്ഷിച്ച് പത്തിലൊന്നു വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുകയെന്ന് കണക്കാക്കിയിട്ടുണ്ട്. വെള്ളമൊഴുകിപ്പോകുന്ന പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

അണക്കെട്ടിലെ ജലനിരപ്പ് 2397.96 അടി എത്തിയിട്ടുണ്ട്. വെള്ളം നിയന്ത്രിക്കുന്നതിനായി 2397.8 അടി എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കണം. 2398.86 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ റെഡ് അലര്‍ട്ട് കഴിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കണം.

2018 ഓഗസ്റ്റ് ഒന്‍പതിനാണ് ഇതിനു മുന്‍പ് ഇടുക്കി ഡാം തുറന്നത്.

 

Latest News