ലഖ്‌നൗ- ഉത്തർപ്രദേശിലെ ഉന്നാവിൽ ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ് നടത്തിയതിനെ തുടർന്ന് 21 പേർക്ക് എച്ച്.ഐ.വി ബാധിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രദേശത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണം അടുത്തിടെ വർധിച്ചതിനെ തുടർന്നായിരുന്നു പരിശോധന. സംഭവത്തിൽ വ്യാജ ഡോക്ടർക്കെതിരെ കേസെടുത്തു. ആരോഗ്യ വകുപ്പ് ജനുവരി 24 മുതൽ 27 വരെ പ്രേംഗഞ്ച്, ചാക്മിർപുർ മേഖലകളിൽ ക്യാമ്പ് നടത്തി 566 പേരെ പരിശോധിച്ചു. ഇവരിൽ 21 പേർക്കാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറഞ്ഞ ചെലവിൽ ചികിത്സ വാഗ്ദാനം ചെയ്ത് വ്യാജ ഡോക്ടർ രാജേന്ദ്ര കുമാർ ഒരേ സിറിഞ്ച് ഉപയോഗിച്ച് പലർക്കും കുത്തിവെപ്പ് നടത്തിയെന്ന് മനസ്സിലായത്. എച്ച്.ഐ.വി ബാധിതരെ വിദഗ്ധ ചികിത്സയ്ക്കായി കോൺപൂരിലെ ആന്റി റിട്രോ വൈറൽ തെറാപ്പി സെന്ററിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി സിദ്ധാർഥ് നാഥ് സിംഗ് വ്യക്തമാക്കി. ലൈസൻസ് ഇല്ലാതെ ചികിത്സ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.