ന്യൂദൽഹി-റാഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോഡി തനിച്ച് പാരീസിൽ ചെന്ന് റാഫേൽ കരാറിൽ ഒപ്പിടുവിക്കുകയായിരുന്നുവെന്ന് രാഹുൽ ആരോപിച്ചു.
അഴിമതിക്കു പിന്നിൽ മോഡിയാണ്. റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനു ചെലവിട്ട തുകയെത്രയെന്നു പറയാൻ പ്രതിരോധ മന്ത്രാലയം തയാറാകുന്നില്ല. എന്താണതിന്റെ അർഥം? അഴിമതിയുണ്ടെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. മോഡി നേരിട്ട് ചെന്നാണ് കരാറിൽ മാറ്റം വരുത്തിയത്. രാജ്യത്തെ ജനങ്ങൾക്കെല്ലാം ഇതറിയാമെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോഡിക്കെതിരായ രാഹുലിന്റെ വിമർശനം. മാധ്യമ പ്രവർത്തകർക്കെതിരെയും രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചു. റാഫേൽ കരാറിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിക്കാറില്ല. നിങ്ങൾക്കു മുകളിലുള്ള സമ്മർദമെന്താണെന്ന് എനിക്കറിയാം. പക്ഷേ, നട്ടെല്ലുണ്ടെന്ന് നിങ്ങൾ കാണിക്കണം. റാഫേൽ ഇടപാടിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കണം. കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളായിട്ടാണ് മുദ്ര കുത്തുന്നതെന്നും രാഹുൽ ആരോപിച്ചു.
ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബറിൽ ഒപ്പുവെച്ച കരാറാണ് റാഫേൽ യുദ്ധവിമാനക്കരാർ. ഏകദേശം 59,000 കോടി രൂപയുടെ കരാർ വഴി 36 റാഫേൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്.






