Sorry, you need to enable JavaScript to visit this website.

ലഖിംപൂരില്‍ കര്‍ഷകരെ ഇടിച്ചിട്ട വാഹനത്തിലുണ്ടായിരുന്ന ബിജെപി നേതാവുള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

ലഖ്‌നൗ- യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരക്കാരെ ഇടിച്ചുകയറ്റി കൊല്ലാന്‍ ഉപയോഗിച്ച വാഹനത്തിലുണ്ടായിരുന്ന ബിജെപി നേതാവ് ഉള്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രാദേശിക നേതാവ് സുമിത് ജയ്‌സ്വാള്‍, ശിശുപാര്‍, നന്ദന്‍ സിങ് ബിഷ്ട്, സത്യ പ്രകാശ് ത്രിപാഠി എന്നിവരാണ് പിടിയിലായത്. സത്യ പ്രകാശില്‍ നിന്നും ലൈസന്‍സുള്ള ഒരു തോക്കും മൂന്ന് വെടിയുണ്ടകളും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. 

കര്‍ഷകരുടെ മേലെ ഇടിച്ചു കയറ്റിയ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ഥാര്‍ എസ്‌യുവിയില്‍ നിന്ന് സുമിത ജയ്‌സ്വാള്‍ ഇറങ്ങി ഓടുന്ന ദൃശ്യം നേരത്തെ വൈറലായിരുന്നു എങ്കിലും ഇതുവരെ അദ്ദേഹത്തെ പോലീസ് പിടികൂടിയിരുന്നില്ല. തന്റെ ഡ്രൈവറേയും സുഹൃത്തിനേയും രണ്ടു ബിജെപി പ്രവര്‍ത്തകരേയും അടിച്ചു കൊന്നു എന്ന വാദവുമായി തിരിച്ചറിയാത്ത കര്‍ഷകര്‍ക്കെതിരെ സുമിത് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കല്ലേറിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും അബദ്ധത്തില്‍ കര്‍ഷകരെ ഇടിച്ചതാണെന്നുമാണ് ഇയാളുടെ വാദം. 

വാഹനം കര്‍ഷകരെ പിറകില്‍ നിന്ന് പാഞ്ഞെത്തി ഇടിച്ചു വീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് സുമതി വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയത്. ഈ വാഹനമുള്‍പ്പെടെ മൂന്ന് വാഹനങ്ങളാണ് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനും അനുയായികളും ഉള്‍പ്പെടുന്ന സംഘം കര്‍ഷകര്‍ക്കു നേരെ ഇടിച്ചു കയറ്റിയത്. നാലു കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനും ഈ ആക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് യുപി പോലീസ് കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുള്‍പ്പെടെയുള്ള പ്രതികളെ പിടികൂടിയതും അന്വേഷണം ആരംഭിച്ചതും. 

Latest News