Sorry, you need to enable JavaScript to visit this website.

അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിനായി  തെരച്ചിൽ നടത്തുന്ന കപ്പൽ 'കാണാതായി' 

കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ തിരച്ചിൽ നടത്താനെത്തിയ കപ്പൽ. 

സിഡ്‌നി- 2014 മാർച്ച് എട്ടിന് കാണാതായ എംഎച്ച് 370 മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടത്തുന്ന കപ്പൽ മൂന്ന് ദിവസത്തേക്ക് അപ്രത്യക്ഷമായി. വിമാനം കണ്ടെത്താനാവാത്തതിന്റെ ദുരൂഹത നിലനിൽക്കേ തിരച്ചിൽ നടത്തുന്ന  കപ്പൽ കാണാതായത് ആശങ്ക ഇരട്ടിപ്പിച്ചു.  കഴിഞ്ഞ മൂന്ന് ദിവസമായി കപ്പൽ എവിടെയാണെന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. റഡാറിലും കപ്പൽ ദൃശ്യമല്ലായിരുന്നു. 
239 മനുഷ്യരുമായി അപ്രത്യക്ഷമായ എംഎച്ച് 370 എന്ന മലേഷ്യൻ എയർലൈൻസ് വിമാനത്തിന്റെ ഗതി തന്നെ ആകുമോ ഈ തിരച്ചിൽ കപ്പലിനും എന്ന ഉൽക്കണ്ഠ പരന്നിരുന്നു.  എംഎച്ച്370 നു വേണ്ടിയുള്ള തിരച്ചിൽ ഒരു പരിധി വരെ ലോകരാഷ്ട്രങ്ങൾ അവസാനിപ്പിച്ചതായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ അമേരിക്കൻ കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റി ഇതിനായി  രംഗത്ത് വരികയായിരുന്നു. മലേഷ്യൻ സർക്കാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ആഴക്കടലിലെ തിരച്ചിൽ. 
സീ ബെഡ് കൺസ്ട്രക്ടർ എന്ന കപ്പലാണ് ആഴക്കടലിൽ മലേഷ്യൻ വിമാനത്തിന്റെ ശേഷിപ്പുകൾ തിരയുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് തിരച്ചിൽ. മുങ്ങി തിരയാനുള്ള സംവിധാനങ്ങൾ ഇവരുടെ പക്കൽ ഉണ്ട്. 90 ദിവസത്തിനകം വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രം പണം നൽകാം എന്ന കരാറിലാണ് സീബെഡ് കൺസ്ട്രക്ടർ ആഴക്കടൽ തിരച്ചിൽ തുടങ്ങിയത്. 124 കോടിക്കും 449 കോടിക്കും ഇടയിലാണ് നിശ്ചയിക്കപ്പെട്ട പ്രതിഫലമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 
ജനുവരി 22 ന് ആണ് സീബെഡ് കൺസ്ട്രക്ടർ ദൗത്യം തുടങ്ങിയത്. വിമാനം തകർന്ന് വീണിട്ടുണ്ടാകാം എന്ന് അനുമാനിക്കുന്ന മേഖലയിലെ  തിരച്ചിൽ ആദ്യമേ പൂർത്തിയാക്കി.  പ്രതീക്ഷ നൽകുന്ന വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ കപ്പലിൽ നിന്ന് ലഭിച്ചിരുന്നില്ല. കപ്പലിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ജനുവരി 31 ന് ആണ് പ്രവർത്തന രഹിതമായത്. കപ്പലിൽ ഉള്ളവർ അത് പ്രവർത്തന രഹിതമാക്കുകയായിരുന്നോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഈ മൂന്ന് ദിവസങ്ങളിൽ റഡാറിൽ പോലും കപ്പലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന് പിറകെ ഈ തിരച്ചിൽ കപ്പലും ദുരൂഹതയിൽ അവസാനിക്കുമോ എന്ന ആശങ്ക വ്യാപകമായി. 
സീബെഡ് കൺസ്ട്രക്ടർ ഓസ്‌ട്രേലിയയിലെ ഫെർമാന്റിൽ തുറമുഖത്തേക്ക് ഇന്ധനം നിറക്കുന്നതിനായി നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന ഏറ്റവും പുതിയ വാർത്തയാണ് ആശ്വാസം പകർന്നത്. 

 

 

Latest News