Sorry, you need to enable JavaScript to visit this website.

കരിപ്പൂർ വിമാനത്താവള വികസനം; 248.75 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ധാരണ

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവള റൺവേ വികസനമടക്കം നടപ്പിലാക്കാൻ കരിപ്പൂരിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രിയുടെ നിർദേശത്തിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ എന്നിവരുെട സാന്നിധ്യത്തിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു തീരുമാനം. 248.75 ഏക്കർ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുക.
കരിപ്പൂരിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനാണ് ഭൂമി ഏറ്റെടുക്കേണ്ടത്. കരിപ്പൂർ റൺവേ നീളം കൂട്ടേണ്ടതില്ലെന്ന കേന്ദ്ര നിലപാട് യോഗം തള്ളി. നിലവിലുള്ള റൺവേയുടെ വികസനമാണ് പ്രായോഗികമമെന്ന് യോഗം വിലയിരുത്തി. ഇതിന്റെ സാങ്കേതികമായ സാധ്യതകൾ പരിശോധിക്കാനും യോഗം അതോറിറ്റിയോട് ആവശ്യപ്പെട്ടു.
റൺവേ വികസനം അടക്കം അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത് 248.75 ഏക്കർ ഭൂമിയാണ്. ഇതിൽ 96.5 ഏക്കർ റൺവേ, 137 ഏക്കർ പുതിയ ടെർമിനൽ, 15.25 ഏക്കർ കാർപാർക്കിംഗിനുമാണ്. ഘട്ടങ്ങളിലായി ഏറ്റെടുക്കുന്നതിന് പകരം ഒറ്റയടിക്ക് ഭൂമി ഏറ്റെടുത്ത് വികസനം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. പാരിസ്ഥിതിഘാതം കുറഞ്ഞ രീതിയിൽ എങ്ങനെ വികസനം നടത്താമെന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കും.
വിമാനാപകടത്തിന്റെ പേരിൽ നിർത്തലാക്കിയ വലിയ വിമാനങ്ങൾ അടിയന്തരമായി കരിപ്പൂരിൽ പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ടിൽ വിമാനത്താവളത്തിന്റെ തകരാരറല്ല അപകടകാരണമെന്ന് തെളിഞ്ഞതാണ്. വലിയ വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം ആരംഭിക്കണമെന്ന് കേന്ദ്ര വ്യോമയാനമന്ത്രിയോട് സംസ്ഥാനത്തിന്റെ നിലപാടായി ആവശ്യപ്പെടും. നിലവിൽ സർവീസുകൾ പുനരാരംഭിക്കുന്നതിന് മറ്റ് തടസ്സങ്ങളില്ല.
ഭൂമി ഏറ്റെടുക്കുമ്പോൾ ജനങ്ങളെ ബുദ്ധിമുട്ടിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അവരെ കൂടി വിശ്വാസത്തിലെടുത്ത് ഏറ്റവും കുറഞ്ഞ ഭൂമി ഏറ്റെടുത്ത് വികസനം നടത്തുന്നത് സംബന്ധിച്ച് അതോറിറ്റി എൻജിനീയറിംഗ് വിഭാഗവുമായി ചർച്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികളെന്നും മന്ത്രി പറഞ്ഞു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.പി അബ്ദുസമദ് സമദാനി, എം.കെ. രാഘവൻ, എം.എൽ.എമാരായ ടി.വി. ഇബ്രാഹീം, പി. അബ്ദുൽ ഹമീദ്, മലപ്പുറം ജില്ലാ കലക്ടർ വി.ആർ. പ്രേംകുമാർ, കരിപ്പൂർ വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം, സബ്കലക്ടർ ശ്രീധന്യ സുരേഷ്, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്‌സൺ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി തുടങ്ങിയവർ സംബന്ധിച്ചു.

Latest News