ഭാര്യയെയും മകളെയും പുഴയില്‍ തള്ളിയ കേസ്; ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു

കണ്ണൂര്‍- ഒന്നര വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തുകയും മാതാവിനെ അപായപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ മൊഴി രേഖപ്പെടുത്തി. വധശ്രമത്തില്‍നിന്നു രക്ഷപ്പെട്ട അധ്യാപിക സോനയുടെ വീട്ടിലെത്തിയാണ് ബാലാവകാശ കമ്മീഷന്‍ അംഗം മനോജ് കുമാര്‍ മൊഴിയെടുത്തത്.
കേസില്‍ അറസ്റ്റിലായ പ്രതി ഷിജു കുറ്റസമ്മതം നടത്തി. കുഞ്ഞിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാര്യയുടെ സ്വര്‍ണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതാണ് പ്രകോപന കാരണമെന്നും ഷിജു പറഞ്ഞു. സംഭവ ദിവസം സന്ധ്യക്ക് ആളുകള്‍ കാണാത്ത കൈതക്കാട്ടിനടുത്തെത്തിയാണ് ഭാര്യയേയും കുഞ്ഞിനേയും പുഴയിലേക്ക് തള്ളിയിട്ടത്. കുഞ്ഞ് തെറിച്ച് വെള്ളത്തില്‍ വീണു. വെള്ളത്തില്‍ മുങ്ങിയ സോന, മരണവെപ്രാളത്തില്‍ കരിങ്കല്‍ ഭിത്തിയില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതി ചെരിപ്പു കൊണ്ട് കൈയില്‍ അടിച്ച് വീണ്ടും പുഴയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചു. സോനയുടെ നിലവിളി കേട്ട് ആളുകള്‍ എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഭാര്യയുടെ സ്വര്‍ണം ബാങ്കില്‍ പണയപ്പെടുത്തിയിരുന്നു. ഇത് തിരികെ ചോദിച്ചതിലുള്ള ദേഷ്യമാണ് സോനയെ പുഴയിലേക്ക് തള്ളിയിടാന്‍ കാരണം. സോനയെ കൊലപ്പെടുത്തി സ്വത്തും പണവും കൈക്കലാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ലോട്ടറിയെടുക്കുന്ന ശീലമുണ്ടായിരുന്ന ഇയാള്‍ ദിവസവും 1000 ലധികം രൂപയുടെ ലോട്ടറി എടുക്കാറുണ്ടായിരുന്നു. ഇതിന് പുറമെ ധൂര്‍ത്തും ഉണ്ടായിരുന്നു. ഇതോടെയാണ് ഭാര്യയുടെ ആഭരണങ്ങള്‍ അടക്കം പണയം വെക്കാന്‍ തുടങ്ങിയത്.

Latest News