Sorry, you need to enable JavaScript to visit this website.

വിവാഹ ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ടു, രാജ്മോഹന്‍ ഉണ്ണിത്താനെതിരെ വിവാദമുണ്ടാക്കാന്‍ ശ്രമം

കാസര്‍കോട്- ഇരട്ട സഹോദരന്‍മാരുടെ വിവാഹത്തില്‍ പങ്കെടുത്ത് ആശംസ അറിയിച്ചുകൊണ്ടുള്ള ചിത്രം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ അറിവില്ലാതെയെന്ന് വിശദീകരണം. 'എംപി യുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്ത പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായ അദ്ദേഹം നല്‍കിയ ശക്തമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വധുവരന്മാരുടെ അടക്കം മുഴുവന്‍ ഫോട്ടോയും ഒരിക്കല്‍കൂടി പോസ്റ്റ് ചെയ്യുന്നു'- എന്ന കുറിപ്പോടെയാണ് പുതിയ പോസ്റ്റ് വന്നിരിക്കുന്നത്. പുതിയ പോസ്റ്റില്‍ വധുവരന്‍മാര്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന പുതിയ പോസ്റ്റ്:

മഞ്ചേശ്വരം മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ സിനാന്‍, ജ്യേഷ്ഠന്‍ ഷഫീഖ് എന്നീ സഹോദരങ്ങളുടെ വിവാഹ പരിപാടികളില്‍ പങ്കെടുത്തു

ബഹുമാനപ്പെട്ട എം.പിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്ത പോസ്റ്റ് പിന്‍വലിച്ചിരുന്നു, ഇതില്‍ ക്ഷുഭിതനായ അദ്ദേഹം നല്‍കിയ ശക്തമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വധു വരന്മാരുടെ അടക്കം മുഴുവന്‍ ഫോട്ടോയും ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യുന്നു

അതേസമയം, വിവാഹാശംസ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിനെ ട്രോളുന്നവര്‍ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി രംഗത്തെത്തി. വിമര്‍ശിക്കുന്നവര്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മുസ്ലിം വിവാഹത്തേക്കുറിച്ച് ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ആ ചിത്രത്തിലില്ലെന്നും ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്തെ ഇരട്ട സഹോദരന്മാരുടെ വിവാഹത്തില്‍ പങ്കെടുത്ത് വരന്മാര്‍ക്കൊപ്പമുള്ള ചിത്രം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് വിവാദമായത്. ഇരട്ട സഹോദരന്‍മാരുടെ വധുമാര്‍ ഇല്ലാതെ വരന്മാരുടെ മാത്രം കൂടെയുള്ള ഫോട്ടോയാണ് എം.പി പങ്കുവെച്ചത്. ഈ ചിത്രത്തിന് 'ഇന്ന് വിവാഹിതരായ സിനാനും ഷഫീഖിനുമൊപ്പം' എന്നായിരുന്നു ഉണ്ണിത്താന്‍ നല്‍കിയ അടിക്കുറിപ്പ്. 'ഗേ വിവാഹത്തിന് പിന്തുണ അറിയിച്ച എം.പി നല്ല മാതൃക ആണ്. ഇനിയും സ്വവര്‍ഗ വിവാഹങ്ങള്‍ ഉണ്ടാകട്ടെ' എന്ന് എം.പിയുടെ പോസ്റ്റില്‍ പരിസ്ഥിതി പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ അഭിപ്രായം രേഖപ്പെടുത്തി.

എന്നാല്‍ രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളും വരാന്‍ തുടങ്ങിയതോടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പോസ്റ്റ് എഡിറ്റ് ചെയ്യുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തു. മറ്റ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ വരന്മാര്‍ക്കും വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കുമൊപ്പം ചിത്രങ്ങളെടുത്ത് മടങ്ങിപ്പോയി.

 

Latest News