Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

കനത്ത മഴ കാർഷിക കേരളത്തിന് വൻ തിരിച്ചടി

കനത്ത മഴയിൽ കാർഷിക കേരളം ഞെട്ടിത്തരിച്ചു, പല തോട്ടങ്ങളിലെയും കുരുമുളകിന് കനത്ത നാശം ഉണ്ടായി. അടുത്ത സീസണിലെ ഉൽപാദനത്തെ ഇതു സാരമായി ബാധിക്കും.  കനത്ത മഴക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കുരുമുളക് കൊടികളിൽ നിന്നും തിരികൾ അടർന്നു വീണു, ഇത് അടുത്ത സീസണിൽ ഉൽപാദനം കുറയാൻ ഇടയാക്കും. തുലാവർഷത്തിന് മുമ്പേ കാർഷിക മേഖലയെ ഞെട്ടിച്ച് പെയ്തിറങ്ങിയ പേമാരി അടുത്ത വർഷത്തെ കുരുമുളക് ഉൽപാദനം 30 മുതൽ 40 ശതമാനം വരെ കുറക്കാം. പല തോട്ടങ്ങളിലും മൂപ്പ് എത്തും മുമ്പേ  കുരുമുളക് തിരികൾ അടർന്നു വീണെങ്കിലും നഷ്ടത്തിന്റെ വ്യക്തമായ കണക്ക് എടുപ്പിന് ദിവസങ്ങൾ വേണ്ടിവരും. പേമാരി മാറി സ്ഥിതിഗതികൾ അൽപം ശാന്തമായാലേ വിളനാശത്തെ കുറിച്ച് വിലയിരുത്താനാവൂ. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മാത്രമല്ല, വടക്കൻ കേരളത്തിലും വയനാട്ടിലെ തോട്ടങ്ങളിലും കുരുമുളക് കൃഷിക്ക് നാശം സംഭവിച്ചു. അൺ ഗാർബിൾഡ് കുരുമുളക്  41,100 രൂപയിലും ഗാർബിൾഡ് മുളക് വില 43,100 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5900 ഡോളറാണ്. മലേഷ്യ 5972 ഡോളറിനും ഇന്തോനേഷ്യ 4423 ഡോളറിനും വിയറ്റ്‌നാം 4490 നും ബ്രസീൽ 4100 ഡോളറിനും വാഗ്ദാനം ചെയ്തു.  
ജാതിക്കയും ജാതിപത്രിയും ശേഖരിക്കാൻ കയറ്റുമതിക്കാർക്ക് ഒപ്പം ആഭ്യന്തര ഇടപാടുകാരും ഉത്സാഹിച്ചു. ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള ചരക്ക് നീക്കം സെപ്റ്റംബറിനെ അപേക്ഷിച്ച് ചുരുങ്ങിയത് വിലക്കയറ്റത്തിന് വഴിതെളിക്കാം. ഔഷധ നിർമാതാക്കൾ ചരക്ക് സംഭരണം ഊർജിതമാക്കാനുള്ള നീക്കം വിപണിക്ക് താങ്ങ് പകരാം. ജാതിക്ക തൊണ്ടൻ കിലോ 300, ജാതിപരിപ്പ് 600, ജാതിപത്രി 1300 രൂപയിലുമാണ്. അറബ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ട്. 


ഏലക്ക ഉൽപാദനം ഉയർന്നത് കണ്ട് കൂടുതൽ ചരക്ക് ലേലത്തിന് ഇറക്കാൻ കർഷകർ താൽപര്യം കാണിച്ചു. ഉത്സവകാല ഡിമാന്റ് നിലനിന്നിട്ടും ശരാശരി ഇനങ്ങൾക്ക് കിലോ 1050 രൂപയ്ക്ക് മുകളിൽ ഇടം കണ്ടത്താനായില്ല. കയറ്റുമതി മേഖലയിൽ നിന്നുള്ള ഡിമാന്റിൽ മികച്ചയിനങ്ങൾ കിലോ 1522 രൂപ വരെ കയറി. 
നാളികേര ഉൽപാദകരെ കൂടുതൽ സമ്മർദത്തിലാക്കാൻ ഭക്ഷ്യയെണ്ണ ഇറക്കുമതിയിൽ വീണ്ടും ഇളവുകൾ വരുത്തി. ശുദ്ധീകരിക്കാത്ത പാം ഓയിൽ, സൂര്യകാന്തി, സോയാ എണ്ണകളുടെ അടിസ്ഥാന കസ്റ്റംസ് ഇറക്കുതി തീരുവ ഒഴിവാക്കി. പുതിയ സാഹചര്യത്തിൽ ഇറക്കുമതി തോത് ഉയരാം. ഉത്സവ കാലമായതിനാൽ ആഭ്യന്തര വിലക്കയറ്റം പിടിച്ചു നിർത്താനാണ് ഈ നീക്കത്തിലുടെ ലക്ഷ്യമാക്കുന്നത്. 


പ്രദേശിക തലത്തിൽ വെളിച്ചെണ്ണക്ക് ആവശ്യം കുറവാണ്. മില്ലുകാർ എണ്ണ റീലിസിങ് നിയന്ത്രിച്ച് നിരക്ക് ഉയർത്താനുള്ള ശ്രമത്തിലാണ്. കൊപ്ര 10,000 രൂപയിലും വെളിച്ചെണ്ണ 16,300 രൂപയിലുമാണ്.  
സംസ്ഥാനത്ത് കാലാവസ്ഥ മാറിമറിഞ്ഞത് അതിവേഗത്തിലായിരുന്നു. കന്നി അവസാന വാരം മഴ കനത്തതോടെ കർഷകർ റബർ തോട്ടങ്ങളിൽ നിന്നും പൂർണമായി വിട്ടുനിൽക്കാൻ നിർബന്ധിതരായി. ഈ അവസരത്തിലും ടയർ കമ്പനികൾ വിലയിൽ മാറ്റം വരുത്തിയില്ല. നാലാം ഗ്രേഡ് 17,000 രൂപക്കും അഞ്ചാം ഗ്രേഡ് 16,400-16,800 രൂപയിലുമാണ്. 
സ്വർണ വിലയിൽ കയറ്റിറക്കം. പവൻ 35,120 രൂപയിൽ നിന്ന് 35,840 രൂപ വരെ ഉയർന്നങ്കിലും വാരാന്ത്യം നിരക്ക് 35,360 ലേയ്ക്ക് ഇടിഞ്ഞു, ഒരു ഗ്രാമിന് വില 4420 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1757 ഡോളറിൽ നിന്ന് 1800 ലേയ്ക്ക് കയറിയ ശേഷം ക്ലോസിങിലെ ശക്തമായ വിൽപന സമ്മർദത്തിൽ 1767 ഡോളറായി താഴ്ന്നു.  

Latest News