Sorry, you need to enable JavaScript to visit this website.

ഓഹരി വിപണിയിൽ റെക്കോർഡുകളുടെ പൂക്കാലം

ഓഹരി വിപണി റെക്കോർഡുകളുടെ പൂക്കാലം ആഘോഷിക്കുകയാണ്. ബോംബെ സെൻസെക്‌സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ കീഴടക്കി. നിക്ഷേപകരെ ആവേശം കൊള്ളിച്ച് ബാങ്ക് നിഫ്റ്റിയും പിന്നിട്ട വാരം നാല് ശതമാനം ഉയർന്നു. കേവലം നാല് ദിവസത്തിൽ ബാങ്ക് നിഫ്റ്റി വാരിക്കൂട്ടിയത് 1623 പോയന്റ്.
ഡെയ്‌ലി ചാർട്ടിൽ ബുൾ റാലി കാഴ്ചവെച്ച ബാങ്ക് നിഫ്റ്റിയുടെ പ്രകടനം നിക്ഷേപകർക്ക് ആവേശമായി. മുൻനിര ബാങ്കുകൾ ഈ വാരം ത്രൈമാസ പ്രവർത്തന റിപ്പോർട്ട് പുറത്തു വിടും. ആറ് പ്രവൃത്തി ദിനങ്ങളിൽ അഞ്ച് ശതമാനം ഉയർന്ന ബാങ്ക് നിഫ്റ്റി 39,340 പോയന്റിലാണ്, ഈ വാരം 40,000 ത്തിലേക്ക് സൂചിക പ്രവേശിക്കാം. ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, യെസ് ബാങ്ക് എന്നിവ ഈ വാരം പ്രവർത്തന ഫലം പുറത്ത് വിടും. 
ബോംബെ സെൻസെക്‌സ് 60,059 ൽ നിന്ന് 59,945 ലേക്ക് ഓപണിങ് വേളയിൽ തളർന്നങ്കിലും പിന്നീട് ഇരട്ടി വീര്യവുമായി 61,000 പോയന്റും കടന്ന് സർവകാല റെക്കോർഡായ 61,353 വരെ ഉയർന്ന ശേഷം വാരാന്ത്യം 61,305 പോയന്റിലാണ്. വെളളിയാഴ്ച വിപണി അവധിയായിരുന്നു. ഈ വാരം സെൻസെക്‌സ് 61,923-62,542 ലേക്ക് ഉയരാനുള്ള ശ്രമത്തിലാണ്. ഫണ്ടുകൾ ലാഭമെടുപ്പിന് ഇറങ്ങിയാൽ 60,115 ൽ ആദ്യ താങ്ങുണ്ട്. പോയ വാരം സെൻസെക്‌സ് 1628 പോയന്റ് ഉയർന്നു. 
ഇടപാടുകാരുടെ കാത്തിരിപ്പിന് ഒടുവിൽ നിഫ്റ്റി 18,000 പോയന്റ് മറികടന്നു. പോയ വാരം നിഫ്റ്റി 548 പോയന്റ് വർധിച്ചു. താഴ്ന്ന നിലവാരമായ 17,887 പോയന്റിൽ നിന്നുള്ള കുതിപ്പിൽ റെക്കോർഡായ 18,350.75 വരെ സൂചിക സഞ്ചരിച്ച ശേഷം ക്ലോസിങിൽ 18,338 ലാണ്. ഈ വാരം 18,033 ലെ സപ്പോർട്ട് നിലനിർത്തി 18,496 നെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കാം. വിദേശ പിൻതുണ ലഭിച്ചാൽ മുന്നേറ്റം 18,654 വരെ നീളാം. സൂചികയുടെ പ്രതിദിന, പ്രതിവാര ചാർട്ടിൽ എംഎ സിഡി ബുള്ളിഷായത് കാളക്കൂട്ടങ്ങൾക്ക് അനുകൂലമാണ്. 
വിനിമയ വിപണിയിൽ രൂപ ചാഞ്ചാടി. ഡോളറിന് മുന്നിൽ രൂപ 74.99 ൽ നിന്ന് 75.59 ലേക്ക് ദുർബലമായെങ്കിലും വാരാന്ത്യം വിനിമയ നിരക്ക് 75.03 ലാണ്. മുൻവാരത്തിലെ നിക്ഷേപ താൽപര്യത്തിൽ ഇൻഫോസീസ്, വിപ്രോ, ഐ റ്റി സി, എസ് ബി ഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ആർ ഐ എൽ, മാരുതി, ബിപിസി എൽ, സൺ ഫാർമ, ഡോ. റെഡീസ്, എം ആന്റ് എം, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്‌സ്, എൽ ആന്റ് റ്റി തുടങ്ങിയവയുടെ  നിരക്ക് ഉയർന്നു. 
സെപ്റ്റംബറിൽ വിദേശ ഓപറേറ്റർമാർ 13,363 കോടി രൂപയും ഓഗസ്റ്റിൽ 14,376.2 കോടി രൂപയും നിക്ഷേപിച്ചു. എന്നാൽ ഈ മാസം അവരുടെ നിക്ഷേപത്തിൽ ഒരു റിവേഴ്‌സ് ട്രെൻഡ് കാണുന്നു. ഒക്ടോബറിൽ ഇതുവരെ 1,698 കോടി രൂപ പിൻവലിച്ചു. ഗ്യാസ്, കൽക്കരി വിലക്കയറ്റം ക്രൂഡ് ഓയിലിന് ഡിമാന്റ് സൃഷ്ടിക്കാം. പോയ വാരം ക്രൂഡ് വില രണ്ട് ശതമാനം കയറി. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ വിലയിരുത്തലിൽ എണ്ണക്ക് പ്രതിദിനം അഞ്ച് ലക്ഷം ബാരൽ ആവശ്യം വർധിക്കാം. ഡിസംബറിൽ ഇത് ഏഴ് ലക്ഷത്തിലേക്ക് ഉയരാമെങ്കിലും ഇതിനിടയിൽ ഒപെക്ക് എണ്ണ ഉൽപാദനം ഉയർത്താം. എണ്ണ വില വാരാന്ത്യം 84.81 ഡോളറിലാണ്. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. വിപണിയുടെ സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ ക്രൂഡ് ഓയിൽ ബാരലിന് 9699 ഡോളർ വരെ ഉയരാനാവും. 
മഞ്ഞലോഹ വിലയിൽ വൻ ചാഞ്ചാട്ടം. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1750 ഡോളറിൽ നിന്ന് 1800 വരെ ഉയർന്ന ശേഷം വാരാന്ത്യം 1766 ഡോളറിലേക്ക് ഇടിഞ്ഞു. 

Latest News