കണ്ണൂരില്‍ ഐഫോണിന് ഡ്യൂട്ടി; ഒറ്റപ്പെട്ട സംഭവമെന്ന് കസ്റ്റംസ്

കണ്ണൂര്‍- കണ്ണൂര്‍ വിമാനത്താവളം വഴിയാത്ര ചെയ്യുന്ന പ്രവാസികളില്‍നിന്നു ഐഫോണിന്റെ പേരില്‍ കസ്റ്റംസിന്റെ പിടിച്ചുപറി തുടരുന്നതായി പരാതി. ഐ ഫോണ്‍ കൊണ്ടുവന്നതിന്റെ പേരില്‍ മൂവായിരം മുതല്‍ 25,000 രൂപ വരെയാണ് പ്രവാസികളില്‍നിന്നു നികുതിയായി അടപ്പിച്ചത്. കണ്ണൂര്‍ പള്ളിപ്രം സ്വദേശി ജംഷീദും, പയ്യന്നൂര്‍ സ്വദേശി ഷഹദുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റംസിന്റെ കൊള്ളക്കിരയായത്. കേരളത്തില്‍ മറ്റ് മൂന്നു വിമാനത്താവളങ്ങളിലും ഇത്തരമൊരു നികുതി അടപ്പിക്കലോ പരിശോധനകളോ ഇല്ലെന്നാണ് പരാതി. അതേ സമയം, ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് കസ്റ്റംസ് അധികൃതരുടെ അനൗദ്യോഗിക വിശദീകരണം.
കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്ത ജംഷീദും, ഷഹദും തങ്ങള്‍ക്ക് കസ്റ്റംസില്‍നിന്നുണ്ടായ ദുരനുഭവങ്ങള്‍ ഫേസ് ബുക് കുറിപ്പിലൂടെയാണ് വെളിപ്പെടുത്തിയത്. നിരവധി പേരാണ് സമാന അനുഭവങ്ങള്‍ ഉള്ളതായി ഇതിന് പിന്‍തുണയുമായി എത്തിയപ്പോള്‍ വ്യക്തമാക്കിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ ബാഗേജ് പരിശോധന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പായാണ് കസ്റ്റംസ് യാത്രക്കാരെ തടഞ്ഞു നിര്‍ത്തി, ഐഫോണ്‍ ഉള്ളവരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്ന് ജംഷീര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍, ഐഫോണ്‍ ഉപയോഗിക്കുന്നവരെല്ലാം ഡ്യൂട്ടി അടക്കണമെന്നാണ് നിര്‍ദ്ദേശം ലഭിച്ചത്. ഉപയോഗിച്ച് വരുന്ന ഫോണ്‍ ആണെങ്കിലും ഡ്യൂട്ടി അടക്കണമെന്ന് നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥനെ കണ്ടുവെങ്കിലും അദ്ദേഹവും ഇതേ വാദത്തില്‍ ഉറച്ചു നിന്നു. ഒടുവില്‍ കൂട്ടിക്കൊണ്ടുപോകാനായി എത്തിയ ബന്ധുവില്‍നിന്ന് 3850 രൂപ വാങ്ങി ഡ്യൂട്ടി അടച്ച ശേഷമാണ് വിമാനത്താവളത്തില്‍നിന്ന് പുറത്തേക്ക് പോകാനായതെന്നും ജംഷീര്‍ പറയുന്നു.
ദുബായില്‍ ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുന്ന പയ്യന്നൂര്‍ സ്വദേശിയായ ഷഹദ് ആയാറിനുണ്ടായത് ഇതിലേറെ ദുരനുഭവമാണ്. കാല്‍ ലക്ഷം രൂപയാണ് ഷഹദിന് ഡ്യൂട്ടി അടക്കേണ്ടിവന്നത്. ഇക്കഴിഞ്ഞ 15 ന് രാത്രിയാണ് ഷഹദ്, ദുബായില്‍നിന്നുള്ള വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഐ ഫോണ്‍ 13 പ്രൊമാക്‌സ് കൈയിലുണ്ടായിരുന്നതാണ് ഷഹദിന് വിനയായത്. നാട്ടിലേക്ക് വരുന്നതിന് രണ്ട് ദിവസം മുമ്പാണ് സ്വന്തം ആവശ്യത്തിനായി ഈ ഫോണ്‍ വാങ്ങിയത്. ഫോണിന് 50,000ല്‍ കൂടുതല്‍ ഇന്ത്യന്‍ രൂപ വിലയുള്ളതിനാല്‍ 30,000 രൂപ ഡ്യൂട്ടി അടക്കണമെന്നായിരുന്നുവത്രേ കസ്റ്റംസ് അധികൃതര്‍ ആവശ്യപ്പെട്ടത്.
ഇരുപതോളം രാജ്യങ്ങളില്‍ സഞ്ചരിച്ച തനിക്ക് ആദ്യമായാണ് ഇത്തരമൊരനുഭവം, അതും സ്വന്തം നാട്ടില്‍ ഉണ്ടാകുന്നതെന്നാണ് ഷഹദ് പറയുന്നത്. ഡ്യൂട്ടി അടക്കാന്‍ പണമില്ലെങ്കില്‍, ഫോണ്‍ ഇവിടെ എല്‍പ്പിച്ചു പോകാനും, പിന്നീട് പണവുമായി എത്തി കൈപറ്റാനുമാണത്രേ നിര്‍ദ്ദേശം നല്‍കിയത്. ഒടുവില്‍ ബന്ധുവിനെ വിളിച്ച് പണവുമായി എത്തി ഡ്യൂട്ടി അടച്ച ശേഷമാണ് പുറത്തു വരാനായതെന്നും, ഇതിന്റെ പേരില്‍ മൂന്നു മണിക്കൂറോളം വിമാനത്താവളത്തില്‍ കാത്തുനില്‍ക്കേണ്ടി വന്നുവെന്നുമാണ് ഷഹദിന്റെ വെളിപ്പെടുത്തല്‍.  
അതേസമയം, ഒറ്റപ്പെട്ട സംഭവങ്ങളെ പൊതു സംഭവങ്ങളാക്കി പ്രചരിപ്പിക്കുകയാണെന്നാണ് കസ്റ്റംസ് അധികൃതരുടെ അനൗദ്യോഗിക വിശദീകരണം. അനധികൃതമായി ഡ്യൂട്ടി അടപ്പിച്ചതുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ല. 50,000 രൂപ വരെ വിലയുള്ള ഐ ഫോണ്‍ സ്വന്തം ഉപയോഗത്തിനായി കൊണ്ടുവരുന്നതിന് അനുമതിയുണ്ട്. ഇതില്‍ കൂടുതല്‍ വിലയുള്ളതോ, ഒന്നില്‍ കൂടുതല്‍ എണ്ണമോ കൊണ്ടുവന്നാലാണ് ഡ്യൂട്ടി ഈടാക്കാറുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങളെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും ഔദ്യോഗികമായ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കസ്റ്റംസിന് പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ മറുപടി നല്‍കാനാവില്ലെന്നും അധികൃതര്‍ പറയുന്നു. അനധികൃത ഡ്യൂട്ടി ഈടാക്കിയാല്‍ പരാതി നല്‍കാനുള്ള സംവിധാനം ഉണ്ടെന്നും അധികൃതര്‍ പറയുന്നു.
കണ്ണൂര്‍ വിമാനത്താവളത്തിലുണ്ടായ ദുരനുഭവത്തിന്റെ അടിസ്ഥാനത്തില്‍, വിവരാവകാശ നിയമം വഴി വിവരങ്ങള്‍ ശേഖരിച്ച് നിയമത്തിന്റെ വഴിതേടാനാണ് ഷഹദിന്റെ തീരുമാനം. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍ ഇല്ലാത്ത നിയമം, കണ്ണൂരില്‍ മാത്രമെങ്ങനെയുണ്ടായി എന്നാണ് പ്രവാസികള്‍ ഉയര്‍ത്തുന്ന ചോദ്യം.

 

 

Latest News