സൗദിയിൽ മതകാര്യ പോലീസിൽ വനിതകളെ നിയമിക്കും

റിയാദ് - സൗദിയിൽ മതകാര്യ പോലീസിൽ (നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസി) വൈകാതെ വനിതകളെ നിയമിക്കുമെന്ന് മതകാര്യ പോലീസ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാൻ അൽസനദ് വെളിപ്പെടുത്തി. ബോധവൽക്കരണം, മാർഗനിർദേശങ്ങൾ നൽകൽ എന്നിവ പോലുള്ള മേഖലകളിൽ വൈകാതെ വനിതകളുടെ സേവനം മതകാര്യ പോലീസ് പ്രയോജനപ്പെടുത്തും. റിയാദിൽ മതകാര്യ പോലീസ് ആസ്ഥാനത്തും പ്രവിശ്യകളിൽ മതകാര്യ പോലീസ് ശാഖകളിലും വനിതകളെ നിയമിക്കും. അനുയോജ്യമായത്ര എണ്ണം വനിതാ ജീവനക്കാരെ മതകാര്യ പോലീസിൽ നിയമിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി മതകാര്യ പോലീസ് ഏജൻസി സഹകരിച്ചുവരികയാണ്. 
നിയമ ലംഘകരെ കസ്റ്റഡിയിലെടുക്കലും അറസ്റ്റ് ചെയ്യലും മതകാര്യ പോലീസിന്റെ അധികാരത്തിൽ പെട്ടതല്ല. ഏതെങ്കിലും നിയമ ലംഘനങ്ങൾ മതകാര്യ പോലീസുകാരുടെ ശ്രദ്ധയിൽ പെട്ടാൽ അതേ കുറിച്ച് റിപ്പോർട്ട് തയാറാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയാണ് ചെയ്യുക.
 

Latest News