സിഖുകാരെ ആക്രമിച്ച ഇന്ത്യന്‍ യുവാവിനെ ഓസ്‌ട്രേലിയ നാടുകടത്തി

ന്യൂദല്‍ഹി- സിഖ് വിശ്വാസികളെ ആക്രമിച്ച കേസില്‍ ഓസ്‌ട്രേലിയയില്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ഹരിയാന സ്വദേശിയായ യുവാവിനെ ഇന്ത്യയിലേക്ക് നാടുകടത്തി. 25കാരന്‍ വിശാല്‍ ജൂഡാണ് ശിക്ഷഏറ്റുവാങ്ങി ഇന്ത്യയില്‍ തിരിച്ചെത്തിയത്. ജയിലിൽ നിന്നിറങ്ങിയ വിശാലിനെ ലഭ്യമായ ഏറ്റവും ആദ്യത്തെ വിമാനത്തില്‍ തന്നെ ഇന്ത്യയിലേക്ക് കയറ്റി വിടുകയായിരുന്നു. ഓസ്‌ട്രേലിയയിലെ സാമൂഹിക സഹവര്‍ത്തിത്വം തകര്‍ക്കാനുള്ള ശ്രമങ്ങളെ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് കുടിയേറ്റ, പൗരത്വ കാര്യ മന്ത്രി അലെക്‌സ് ഹാക്കെ പറഞ്ഞു. 

സിഖുകാര്‍ക്കെതിരെ നടന്ന അക്രമ പരമ്പരയില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഏപ്രിലിലാണ് വിശാലിനെ ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ് അറസ്റ്റ് ചെയ്തത്. വിശാലിനെതിരെ നിരവധി കേസുകള്‍ ചുമത്തിയിരുന്നു. വിദ്വേഷ ആക്രമണ ഉള്‍പ്പെടെ എട്ടു കേസുകളില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ മൂന്ന് കേസുകളില്‍ വിശാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ആറു മാസം തടവിന് ശിക്ഷിക്കുകയായിരുന്നു.

ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ പോയതായിരുന്നു വിശാല്‍. കേസില്‍ ശിക്ഷിക്കപ്പെട്ട വിശാലിനെ മോചിപ്പിക്കണമെന്ന് നേരത്തെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആവശ്യപ്പെട്ടിരുന്നു. വിശാലിനെ അറസ്റ്റ് ചെയ്തതിനെതിരെ ഹരിയാനയില്‍ പ്രതിഷേധ പ്രകടനവും നടന്നിരുന്നു. നാടുകടത്തപ്പെട്ട് തിരിച്ചെത്തിയ വിശാലിന് വലിയ സ്വീകരണവും ലഭിച്ചു. വിശാല്‍ ഖലിസ്ഥാന്‍ തീവ്രവാദികളെയാണ് ഉന്നമിട്ടതെന്ന് വിശദീകരിച്ച് ഓസ്‌ട്രേലിയയിലെ ഒരു വിഭാഗം സിഖുകാര്‍ വിശാലിന് പിന്തുണച്ചും രംഗത്തു വന്നിരുന്നു. 
 

Latest News