പട്ന- വീട്ടിലുണ്ടായ കലഹത്തെ തുടര്‍ന്ന് യുവാവ് സ്വന്തം മുത്തശ്ശിയെ ലോറി കയറ്റി കൊലപ്പെടുത്തി. ബിഹാറിലെ മുസഫര്‍പൂരിലാണ് സംഭവം. പ്രതി ദിലീപ് ട്രക്ക് ഡ്രൈവറാണ്. പൂജ ആഘോഷങ്ങള്‍ക്കായി വീട്ടിലെത്തിയതായിരുന്നു. രണ്ടു ദിവസമായി വീട്ടിലുണ്ടായ കലഹത്തെ തുടര്‍ന്ന് ദിലീപ് മുത്തശ്ശിക്കെതിരെ തിരിഞ്ഞിരുന്നു. വീട്ടിലെ എല്ലാ തര്‍ക്കത്തിനും കാരണക്കാരി മുത്തശ്ശിയാണെന്നും കൊല്ലുമെന്നും ദിലീപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പേരില്‍ ദിലീപിനെ അച്ഛന് രാജേശ്വര് റായി വഴക്കുപറയുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ മുറ്റം അടിച്ചുവാരുകയായിരുന്ന മുത്തശ്ശി ദോംനി ദേവിയുടെ മേല്‍ ദിലീപ് ട്രക്ക് കയറ്റിയത്. അവര്‍ തല്‍ക്ഷണം മരിച്ചു. സംഭവത്തെ തുടര്‍ന്ന് രാജേശ്വര് റായിയുടെ പരാതിയില്‍ മകന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തെത്തിയ പോലീസ് ട്രക്കും പിടിച്ചെടുത്തു.